പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ 16-കാരനെ കോടതി കുറ്റവിമുക്തനാക്കി. കൗമാരക്കാരനൊപ്പം താമസിക്കുന്ന 17 വയസുള്ള പെണ്‍കുട്ടിയ തട്ടിക്കൊണ്ടു പോയെന്നതായിരുന്നു പരാതി.
പെണ്‍കുട്ടിയെയും ഇവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും പരിപാലിക്കാന്‍ അനുവദിച്ചാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ ജഡ്ജി മാനവേന്ദ്ര മിശ്ര 16-കാരനെ കുറ്റവിമുക്തനാക്കിയത്. വെറും മൂന്ന് ദിവസം കൊണ്ടാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്.
2019 ഫെബ്രുവരിയിലാണ് 16-കാരനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്. അന്ന് 14 വയസ്സുണ്ടായിരുന്ന ആണ്‍കുട്ടിയും മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി.
തുടര്‍ന്ന് പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും സഹോദരനും പങ്കില്ലെന്ന് കണ്ടെത്തിയതിനാല്‍ ഇവരെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കി.
എന്നാല്‍ 2020 ജൂലായില്‍ പെണ്‍കുട്ടി കോടതിയിലെത്തി വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. തന്നെ തട്ടിക്കൊണ്ടു പോയതല്ലെന്നും തന്നെക്കാള്‍ പ്രായക്കുറവുള്ള പ്രതിയുമായി താന്‍ സ്വന്തം ഇഷ്ടപ്രകാരം ഒളിച്ചോടിയതാണെന്നും പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു.
ഡല്‍ഹിയിലേക്കാണ് പോയതെന്നും ഈ ബന്ധത്തില്‍ തങ്ങള്‍ക്ക് എട്ട് മാസം പ്രായമുള്ള കുഞ്ഞുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി കോടതിയില്‍ ഹാജരായതിന് പിന്നാലെ ഇക്കഴിഞ്ഞ ഫെബ്രുവരി 20-ന് പ്രതിയായ 16-കാരനും കോടതിയില്‍ കീഴടങ്ങി.
തുടര്‍ന്ന് 16-കാരനെ ഷെയ്ഖ്പുരയിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. മാര്‍ച്ച് 19-നാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ വാദം പൂര്‍ത്തിയാക്കിയായിരുന്നു കോടതിയുടെ വിധിപ്രസ്താവം.
നിയമം അനുസരിച്ച് ആണ്‍കുട്ടി ചെയ്തത് ശിക്ഷാര്‍ഹമായ കാര്യമാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുടെ ജീവിതം പരിഗണിച്ച് പ്രതിയെ കുറ്റവിമുക്തനാക്കുകയാണെന്നും ഈ ഉത്തരവ് തീര്‍ത്തും വ്യത്യസ്തമാണെന്നും ആര്‍ക്കും ഈ ഉത്തരവിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, 16-കാരനൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയുടെയും ഇവരുടെ കുഞ്ഞിന്റെയും ജീവിതസാഹചര്യങ്ങളെക്കുറിച്ച് ആറ് മാസം കൂടുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം വരെ ഈ റിപ്പോര്‍ട്ട് മുടങ്ങാതെ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
കോടതി വിധിയെയും നിര്‍ദേശങ്ങളെയും 16-കാരന്റെ മാതാപിതാക്കള്‍ അംഗീകരിച്ചതായും കേസുമായി മുന്നോട്ടുപോകില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവും വ്യക്തമാക്കിയെന്നും അഡീ. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജേഷ് പഥക് മാധ്യമങ്ങളോട് പറഞ്ഞു.