പോക്സോ കേസില്‍ ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കുണ്ടാവാന്‍ ഇടയുള്ള മാനസിക സാമൂഹികാഘാതം കണക്കിലെടുത്ത് മാസം തികയും മുമ്പ് പെണ്‍കുട്ടിയെ പ്രസവിപ്പിച്ച് ഗര്‍ഭസ്ഥ ശിശുവിന് സംരക്ഷണം നല്കാന് ഉത്തരവിട്ട് ഹൈക്കോടതി.
29 ആഴ്ച പ്രായം കഴിഞ്ഞ ഗര്‍ഭം അലസിപ്പിക്കാന്‍ സമീപിച്ച പോക്സോ കേസില്‍ മലപ്പുറം സ്വദേശിനിയുടെ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഉത്തരവ്.
എന്നാല്‍ ജനിച്ച് 39 മണിക്കൂറിന് ശേഷം കുഞ്ഞ് മരിച്ചു. മാസം തികയും മുമ്പേ ജനിച്ച കുഞ്ഞിന്റെ ശ്വാസകോശം വികസിക്കാത്ത അവസ്ഥയിലാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
17 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ബന്ധുക്കള്‍ അറിയുന്നത് വളരെ വൈകിയാണ്.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിക്കുമ്പോള്‍ തന്നെ ബന്ധുക്കള്‍ ഗര്‍ഭഛിദ്രത്തിനായി ഹൈക്കോടതിയേയും സമീപിച്ചു.
മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഗര്‍ഭിണിയുടേയും ഗര്‍ഭസ്ഥ ശിശുവിന്റേയും ആരോഗ്യാവസ്ഥയും ഗര്‍ഭഛിദ്രത്തിനുള്ള സാധ്യതയും ആരാഞ്ഞ കോടതിക്ക് മുന്നില്‍ സ്കാനിങ് അടക്കം ചെയ്ത ശേഷം കുട്ടിക്ക് 29 ആഴ്ച പിന്നിട്ട ഗര്‍ഭം ആണെന്നും ഗര്‍ഭഛിദ്രത്തിന് ആരോഗ്യപരമായ മറ്റ് തടസങ്ങളൊന്നും ഇല്ലെന്നും ഗര്‍ഭവുമായി മുന്നോട്ട് പോയാല്‍ അത് കുട്ടിയുടെ സാമൂഹിക മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കാമെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മാസം പൂര്‍ത്തിയാകാതെ പ്രസവിക്കുന്ന കുഞ്ഞ് ജീവിച്ചിരുന്നാല്‍ ആ കുഞ്ഞിന്റെ ഭാവി എന്താകുമെന്നതില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ ആശങ്കയും റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
മെഡിക്കല്‍ ബോര്‍ഡ് അഭിപ്രായം പരിശോധിച്ച കോടതി അടിയന്തര ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുകയായിരുന്നു.
അതിനുശേഷം റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചു . ഇതിനൊപ്പം ഉത്തരവില്‍ ഹൈക്കോടതി ജഡ്ജി ഷാജി പി ചാലി ഒന്നു കൂടി ചേര്‍ത്തു.
മാസം തികയും മുമ്പേ പ്രസവം നടന്നാലും ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന് രക്ഷിച്ച് ആരോഗ്യത്തോടെ കാക്കാന്‍ എല്ലാ വിധ ശ്രമം നടത്തണമെന്നതായിരുന്നു അത്.
ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഈ മാസം 9ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 16കാരിയെ പ്രസവിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയ്ക്ക് പിറന്ന കുഞ്ഞിന് 1.32 കിലോ ഭാരമാണുണ്ടായിരുന്നത്.
എന്നാല്‍ 39 മണിക്കൂറിന് ശേഷം ഹയാലിന്‍ മെമ്പ്രയിന് ഡിസിസ് ബാധിച്ച് കുഞ്ഞ് മരിച്ചു. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സാധാരണയായി സംഭവിക്കാവുന്നതാണ് ഹയാലിന്‍ മെമ്പ്രയിന് ഡിസിസ്.
ശ്വാസകോശത്തിന് വികസിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നത്.
എന്നാല്‍ ഇത് പ്രതിരോധിക്കാന്‍ മാസം തികയാതെ പ്രസവം ഉറപ്പാകുന്ന ഘട്ടത്തില്‍ തന്നെ ഗര്‍ഭിണിക്ക് സ്റ്റിറോയ്ഡ് കുത്തിവയ്പ് നല്കുന്ന രീതി ഉണ്ട്. എന്നാല്‍ ഇവിടെ അത് ഉണ്ടായിട്ടില്ലെന്നാണ് സൂചന.
എന്നാല്‍ 34 ആഴ്ച മുതല്‍ മുകളിലേക്ക് പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളില്‍ മാത്രമേ ഈ കുത്തിവയ്പ് ഏതെങ്കിലും തരത്തില്‍ പോസിറ്റീവ് ആയി ഫലം ഉണ്ടാകാന്‍ സാധ്യത ഉള്ളൂവെന്നും അതൊരു നിര്‍ബന്ധിത കുത്തിവയ്പ് അല്ലെന്നുമാണ് ശിശുരോഗ വിദഗ്ധര്‍ പറയുന്നത്.
മാത്രവുമല്ല 34 ആഴ്ചകള്‍ക്കും മുന്നേ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അണുബാധ അടക്കം പലതരത്തിലുള്ള ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാകാനും ജീവന് നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു
അതേസമയം പോക്സോ കേസ് ആയതിനാലും കോടതി ഉത്തരവ് ഉള്ളതിനാലും നവജാതശിശുവിനെ പോസ്റ്റുമോര്‍ട്ടം ചെയ്തിട്ടുണ്ട്.
മരണകാരണമടക്കം കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കിയാകും ഹൈക്കോടതിയില്‍ വിശദ റിപ്പോര്‍ട്ട് നല്‍കുക. ഇതില്‍ നവജാത ശിശുവിന്റെ ആരോഗ്യാവസ്ഥ, മരണ കാരണം അടക്കം പറയുന്ന വിശദാംശങ്ങള്‍ നിര്‍ണായകമായേക്കാം.
പ്രത്യേകിച്ച് മാസം തികയാതെ പ്രസവിപ്പിച്ചാലും നവജാത ശിശുവിന്റെ ജീവന് സംരക്ഷിക്കാന്‍ പരമാവധി നടപടികള്‍ കൈക്കൊള്ളണമെന്ന കോടതി ഉത്തരവ് ഉണ്ടായിരുന്നതിനാല്‍. നിലവില്‍ പോക്സോ കേസ് അന്വേഷിക്കുന്നത് മലപ്പുറം ഡിവൈഎസ്പിയാണ്.