ബംഗാളില്‍നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
ബംഗാള്‍ സ്വദേശി നാസിറുദ്ദീന്‍ ലോസ്‌കറിനെയാണ് (35) വാഴക്കാട് എസ്‌ഐ കെ.നൗഫലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പ്രതിയെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ ദേശീയ ബാലാവകാശ കമ്മിഷനു പരാതി നല്‍കിയിരുന്നു.
കമ്മിഷന്റെ നിര്‍ദേശപ്രകാരം ജില്ലാ ചൈല്‍ഡ് ലൈനും വാഴക്കാട് പൊലീസും നടത്തിയ അന്വേഷണത്തില്‍ വാഴക്കാട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു.
ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയതിനെത്തുടര്‍ന്ന് മൂന്നു വയസ്സുള്ള മകളുമായി ബംഗാളിലേക്കു മടങ്ങിപ്പോയ പ്രതി പതിനാറു വയസ്സുള്ള പെണ്‍കുട്ടിയുമായാണ് തിരിച്ചെത്തിയത്.
ദരിദ്രകുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു വന്നതാണെന്നാണ് വിവരം.
ഇയാള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി താമസിക്കുന്നതായി പരിസരവാസികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തി പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെയും മൂന്നുവയസ്സുള്ള കുഞ്ഞിനെയും ജില്ലാ ശിശുക്ഷേമ സമിതി സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.