മഹാരാഷ്ട്രയിലെ ദേഗ്ലൂരില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരഭിമാന കൊലപാതകമെന്ന് പോലീസ്. ദേഗ്ലൂര്‍ ധാമഗാവിലെ കല്പന സൂര്യവാന്‍ഷി(16) എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് സ്വന്തം സഹോദരനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനായ അനില്‍ സൂര്യവംശിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ 22നാണ് 16-കാരിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. തെരുവുനായ്ക്കളും കുറുക്കന്മാരും കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ പോലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ സൂര്യയുമായി പ്രണയത്തിലായിരുന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നും യുവാവാണ് മകളെ കൊന്നുതള്ളിയതെന്നും അമ്മയും മൊഴി നല്കി. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തില്ല.
ജൂണ്‍ 20-ന് പെണ്‍കുട്ടിയെ കാണാതായിട്ടും ഇവര്‍ പരാതി നല്‍കാതിരുന്നതായിരുന്നു പ്രധാന സംശയം.
തുടക്കത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഇയാള്‍ക്ക് പങ്കില്ലെന്ന് വ്യക്തമായി. തുടര്‍ന്നാണ് സൂര്യയുടെ സഹോദരനെ അടക്കം പോലീസ് വിശദമായി ചോദ്യം ചെയ്തത്. ബുധനാഴ്ചയാണ് അനില്‍ സൂര്യവംശിയെ പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുടുംബത്തിന് താല്‍പ്പര്യമില്ലാതിരുന്ന യുവാവുമായി സഹോദരി പ്രണയത്തിലായതാണ് കൊലപാതകത്തിലേക്ക് നയിച്ചെന്നും ഇയാള്‍ പറഞ്ഞു.
തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂണ്‍ 30വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.