ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെക്കൂട്ടാന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. കൃത്യമായ കണ്ടന്റുകള്‍ പോസ്റ്റ് ചെയ്ത് സ്വഭാവികമായി ഫോളോവേഴ്സിനെക്കൂട്ടാനാണ് മിക്കവരും ശ്രമിക്കുന്നത്.
എന്നാല്‍ പണം നല്കിയാല് ഫോളോവേഴ്സിനെക്കൂട്ടാന് സഹായിക്കാം എന്ന് ചിലര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
മുംബൈയിലെ ഒരു പതിനാറുകാരി പെട്ടതും ഇങ്ങനെയൊരു തട്ടിപ്പിലാണ്. കാഷ് ഫോര്‍ ഫോളേവേഴ്സ് തട്ടിപ്പിനിരയായ പെണ്‍കുട്ടിയുടെ പക്കല്‍നിന്നും നഷ്ടപ്പെട്ടത് 55,000 രൂപയാണ്.
പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് മാര്‍ച്ച് ഒന്നാംതിയതി സൊണാലി സിങ് എന്ന അക്കൗണ്ടില്‍നിന്ന് ഇന്‍സ്റ്റഗ്രാമില്‍ ഒരു പ്രണ്ട് റിക്വസ്റ്റ് വരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
പഴയ സ്കൂള്‍ സഹപാഠിയാണെന്നും ഓര്‍മയുണ്ടോയെന്നും ചോദിച്ചുകൊണ്ടായിരുന്നു സംസാരം തുടങ്ങിയത്. തുടര്‍ന്ന് ഇരുവരും ചാറ്റിങ് പതിവാക്കി.
സംഭാഷണത്തിനിടെ ഒരു മണിക്കൂറിനുള്ളില്‍ ഇന്‍സ്റ്റ ഫോളേവേഴ്സിന്റെ എണ്ണം 50000ആയി വര്‍ധിപ്പിക്കാന്‍ സഹായിക്കാമെന്ന് സൊണാലി പെണ്‍കുട്ടിയോട് വാഗ്ദാനം ചെയ്തു. ഇതിനായി 2000രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഉടന്‍ തന്നെ തന്റെ കൈവശമുണ്ടായിരുന്ന 600 രൂപ പെണ്‍കുട്ടി അക്കൗണ്ടിലേക്ക് അയച്ചുനല്‍കി. എന്നാല്‍ പിന്നീട് സൊനാലി മറുപടി സന്ദേശമൊന്നും അയച്ചില്ല.
നാല് ദിവസങ്ങള്‍ക്ക് ശേഷം സൊനാലി വീണ്ടും പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്തു. 600 രൂപ തികയില്ലെന്നും ഫോളോവേഴ്സിനെ കൂട്ടണമെങ്കില്‍ കൂടുതല്‍ പണം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
തന്റെ കൈവശം പണമില്ലാത്തതിനാല്‍ പെണ്‍കുട്ടി പിതാവിന്റെ യുപിഐ ഐഡി ഉപയോഗിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്ത് നല്കി.
പല തവണയായി 55000 ഓളം രൂപയാണ് പെണ്‍കുട്ടി സൊനാലിയുടെ അക്കൗണ്ടിലേക്ക് അയച്ച് നല്‍കിയത്.
ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം കൂടിയില്ലെങ്കിലും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടപ്പോഴെല്ലാം പെണ്‍കുട്ടി പണം അയച്ചുനല്‍കുകയായിരുന്നു.
അക്കൗണ്ടില്‍ നിന്നും വന്‍ തുക നഷ്ടമായത് ശ്രദ്ധയില്‍പ്പെട്ടതോടെ പിതാവ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് വിവരം പുറത്തു വരുന്നത്.
സംഭവത്തില്‍ കേസെടുത്ത സൈബര്‍ ക്രൈം സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.