
ഈരാറ്റുപേട്ട: ഒരു കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ ഈരാറ്റുപേട്ട പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു പിടികൂടി.
അരുവിത്തുറ മന്തക്കുന്ന് തട്ടാപറന്പിൽ തൻസീം കബീർ (21), അരുവിത്തുറ മന്തക്കുന്ന് പാറയിൽ ഹുസൈൻ (23) എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്നാട്ടിൽ നിന്നും ഇവർ കഞ്ചാവ് എത്തിച്ചു ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും വില്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ നീരിക്ഷിച്ചു വരികയായിരുന്നു.
ഇവരുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കന്പം, ഗുഡല്ലൂർ സ്ഥലങ്ങളിൽ പോയി മടങ്ങിവരുന്നതായി കണ്ടെത്തിയതോടെ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. പോലീസിനെ കണ്ടു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ള, പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫ് എന്നിവരുടെ നിർദേശാനുസരണം ഈരാറ്റുപേട്ട എസ്എച്ച്ഒ ബൈജുകുമാർ, എസ്ഐ എം. എച്ച്. അനുരാജ്, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, കെ.ആർ. അജയകുമാർ, തോംസണ്‍ കെ. മാത്യു, ശ്രീജിത്ത് ബി. നായർ, എസ്. അരുണ്‍ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.