മുക്കം: മുക്കം അരീക്കോട് റോഡിലുള്ള യമഹയുടെ ഷോറൂമിൽ നിന്ന് വില്പനയ്ക്കു വെച്ച ബൈക്ക് മോഷണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
ബുധനാഴ്ച അർധരാത്രിയിലാണ് മോഷണം നടന്നത്. സ്കൂട്ടറിൽ എത്തിയ മോഷ്ടാവ് വിൽപ്പനയ്ക്കായി വെച്ച ബൈക്കുകുമായി കടന്ന് കളയുകയായിരുന്നു .
യമഹ ഇരുചക്രവാഹനങ്ങളുടെ ഷോറും ആയ സെഞ്ചുറിയിൽ മോട്ടോഴ്സിൽ നിന്നുമാണ് മോട്ടോർ ബൈക്ക് മോഷണം പോയത്. തൊപ്പി ധരിച്ച് മുഖം തൂവാല കൊണ്ട് മറച്ച് എത്തിയ മോഷ്ടാവ് യമഹ ഫാസിനോ സ്കൂട്ടറിലാണ് ഷോറൂമിന് മുന്നിൽ എത്തിയത്.
ഷോറൂമിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് ഗോഡൗണിൽ വിൽപ്പനയ്ക്ക് വെച്ച 1,20,000 രൂപ വിലയുള്ള 16 മോട്ടോർബൈക്ക് മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു.
വീണ്ടും വ്യാഴാഴ്ച രാവിലെ 7.30ന് ഇതേ മോഷ്ടാവ് തന്നെ നീല ജീൻസും നീല ഷർട്ടും ഹെൽമറ്റും ധരിച്ച് എത്തി തലേദിവസം കൊണ്ടുവച്ച സ്കൂട്ടർ എടുത്ത് അരീക്കോട് ഭാഗത്തേക്ക് ഓടിച്ചു കൊണ്ട് പോവുകയായിരുന്നു.
ഈ സ്കൂട്ടർ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു അടുത്ത് വരെ പോകുന്ന ദൃശ്യങ്ങൾ സിസി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് . സംഭവത്തിൽ മുക്കം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ എസ്ഐ ഷാജിദ്, എസ്ഐ സലിം മുട്ടാത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.