നീലേശ്വരം:16 കാരിയെ പിതാവടക്കം ഏഴുപേര്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.
പെണ്‍കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നാണ് മൂന്നുമാസവും ആറുദിവസവും പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ശാന്ത് എസ്.നായരുടെ നേതൃത്വത്തിലാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.
കേസില്‍ പ്രധാന പ്രതിയായ പിതാവിനെ ഹൊസ്ദുര്‍ഗ് ജുഡീഷല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയോടെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തിയത്.
പെണ്‍കുട്ടി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍വച്ച് ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു.
മതാചാരപ്രകാരം സംസ്കാരം നടത്തണമെന്ന പിതാവിന്റെ നിര്‍ബന്ധം മൂലമാണ് കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് നീലേശ്വരം പോലീസ് പറഞ്ഞു.
കേസില്‍ മൊത്തം ഏഴ് പ്രതികളാണുള്ളത്. പിതാവ് ഉള്‍പ്പെടെ ആറുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പടന്നക്കാട് സ്വദേശിയായ ക്വിന്റല്‍ മുഹമ്മദിനെയാണ് ഇനി പിടികിട്ടാനുള്ളത്. ഇയാള്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.