വൈപ്പിൻ: അമ്മക്കും കുഞ്ഞനുജത്തിക്കും പിന്നാലെ എട്ടുവയസുകാരൻ ക്രിസ്വിനും മരണത്തിലേക്ക് യാത്രയായി. ഇന്നലെ രാവിലെ 11ന് ഓച്ചന്തുരുത്ത് സ്കൂൾമുറ്റം ബസ് സ്റ്റോപ്പിനു തെക്ക് ഭാഗത്ത് സ്കൂട്ടറിൽ പിക്ക് അപ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ക്രിസ്വിന്റെ മാതാവ് എളങ്കുന്നപ്പുഴ കർത്തേടം കളപ്പറന്പിൽ ഷൈജി(40), അനുജത്തി ക്രിസ്വിയ(6) എന്നിവർ ഇന്നലെത്തന്നെ മരിച്ചിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ക്രിസ്വിൻ ഇന്ന് പുലർച്ചെ രണ്ടോടെയാണ് മരിച്ചത്. സൗദി അറേബ്യയിൽ വര്ക്ക് ഷോപ്പ് നടത്തുന്ന പിതാവ് മാർട്ടിൻ പുലർച്ചെ നെടുന്പാശേരിയൽ വിമാനമിറങ്ങിയശേഷം ആശുപത്രിയിലെത്തി മകനെ കണ്ടു.
എല്ലാ അവധിദിവസങ്ങളിലും ഷൈജി മക്കളെയും കൂട്ടി കൊച്ചി തോപ്പുംപടിയിലുള്ള ഭർത്താവിന്റെ വീട്ടിൽ ഭർതൃമാതാവിനെ കാണാൻ പോകുക പതിവാണ്. ദീപാവലി അവധിയായതിനാൽ ഇന്നലെയും പതിവ് തെറ്റിക്കാതെ മക്കളെയും കൂട്ടി തോപ്പുംപടിയിലേക്ക് പോകവെയാണ് വിധി ഷൈജിയുടേയും മക്കളുടേയും ജീവൻ കവർന്നത്. എതിരേ മറ്റൊരു സ്കൂട്ടറിനെ ഓവർടേക്ക് ചെയ്ത് വന്ന പിക് അപ് വാൻ ഷൈജിയും മക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
അമ്മയുടേയും മകളുടേയും ഇൻക്വസ്റ്റ് ഇന്നലെ തന്നെ നടത്തിയിരുന്നു. ക്രിസ്വിന്റെ ഇൻക്വസ്റ്റ് ഇന്ന് രാവിലെ പൂർത്തിയാക്കി. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് കർത്തേടം സെന്റ് ജോർജ്ജ് പള്ളിയിൽ നടക്കും.