ബ്ലൂ വെയ്ല്‍ ടാസ്‌കുകളില്‍ മാറ്റം വരുത്തി പുതിയ അഡ്മിന്‍;ബ്ലൂ വെയ്ല്‍ ഗെയിം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കൊന്നു കളയുമെന്ന് പറഞ്ഞ 17കാരി അറസ്റ്റില്‍…

മോസ്‌കോ: കൊലയാളി ഗെയിം ബ്ലൂവെയ്‌ലിന്റെ ടാസ്‌കുകളില്‍ മാറ്റം വരുത്തി പുതിയ അഡ്മിന്‍. അമ്പത് ടാസ്‌കുകളാണ് ഈ ഗെയിമിനുള്ളത്. അമ്പതാമത്തെ ടാസ്‌ക് ആത്മഹത്യയാണ്. ഗെയിമിന്റെ നിര്‍മാതാവ് അറസ്റ്റിലായതോടെ പുതിയ അഡ്മിന്‍ ഗെയിമിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഗെയിമില്‍ ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗെയിം കളിക്കുന്നവരുടെ ജീവനെടുക്കുമെന്നാണ് കിഴക്കന്‍ റഷ്യയില്‍ പിടിയിലായ പതിനേഴുകാരിയുടെ ഭീഷണി. ഇതാദ്യമായാണ് ബ്ലൂവെയ്ല്‍ ചാലഞ്ചിന്റെ അഡ്മിന്‍ എന്ന പേരില്‍ ഒരു പെണ്‍കുട്ടി പിടിയിലാകുന്നത്.

കിഴക്കന്‍ റഷ്യയിലെ ഹബാറോസ്‌കി ക്രയ്യിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഉപജ്ഞാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചലഞ്ച് പൂര്‍ത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെടുത്തതായാണ് വിവരം. മിക്ക ഫോട്ടോകളും ശരീരത്തില്‍ ബ്ലേഡു കൊണ്ട് മുറിച്ചതിന്റെയാണ്. പെണ്‍കുട്ടിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ബുഡെയ്കിനെ പിടികൂടി മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിട്ടും ബ്ലൂവെയ്ല്‍ ആത്മഹത്യകള്‍ റഷ്യയില്‍ തുടര്‍ന്നതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഇതോടെ പുതിയ അഡ്മിന്‍ ഗെയിമിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും മനസിലായി.

പാതി വഴിയില്‍ ഈ ഗെയിം നിര്‍ത്തിയാല്‍ കളിക്കുന്നയാളെയോ വീട്ടുകാരെയോ ബന്ധുക്കളെയോ കൊല്ലപ്പെടുത്തുമെന്നാണ് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയത്. ബ്ലൂവെയ്ല്‍ ചാലഞ്ച് എന്നുപേരിട്ട ഗ്രൂപ്പിലെ അഡ്മിനും ഈ പതിനേഴുകാരി തന്നെയാണ്. ഗ്രൂപ്പിലെ ഒരു ഡസനിലേറെ പേര്‍ക്കു നേരെ വധഭീഷണി അയച്ചുവെന്ന പരാതിയും ഇവര്‍ക്കെതിരെയുണ്ട്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം തെളിയുകയും ചെയ്തു. സ്വയം ദേഹോപദ്രവമേല്‍പ്പിക്കാനുള്ള കടുത്ത ടാസ്‌കുകളാണ് പെണ്‍കുട്ടി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നത്. ഗെയിം കളിക്കുന്നവരെ മാനസികമായി തകര്‍ക്കാനുള്ള നീക്കങ്ങളും ഇവര്‍ നടത്തി. നേരത്തെ ഗ്രൂപ്പില്‍ ഗെയിം കളിച്ചിരുന്നയാളായിരുന്നു പെണ്‍കുട്ടിയെന്നും പൊലീസ് പറയുന്നു. ഗെയിമിന്റെ ഉപജ്ഞാതാവ് അറസ്റ്റിലായതിനെത്തുടര്‍ന്നാണ് അഡ്മിന്‍ സ്ഥാനത്തേക്കുയരുന്നത്.

Related posts