പരിസ്ഥിതി സംരക്ഷണത്തിനായ മുന്നിട്ടിറങ്ങുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പൊതുവെ യുഎന്‍ സ്വീകരിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എന്നും ആശങ്കപ്പെട്ടിരുന്ന ഒരു പതിനേഴുകാരി ഇന്ന് യുഎന്നിന്റെ പരിസ്ഥിതി പദ്ധതിയുടെ പ്രാദേശിക അംബാസിഡറായിരിക്കുകയാണ്.
സൂറത്തില്‍ നിന്നുള്ള ഖുഷി ചിണ്ഡലിയയ്ക്കാണ് യുഎന്നിന്റെ ടുന്‍സാ എകോ ജനറേഷന്റെ (Tunza Eco Generation) ഭാഗമാകാന്‍ അവസരം ലഭിച്ചിരിക്കുന്നത്.
ഇതോടെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കാനും ഈ വിഷയത്തില്‍ ഇന്ത്യയുടെ സംഭാവന ചര്‍ച്ച ചെയ്യാനും ഖുഷിക്ക് അവസരം ലഭിക്കും. ലോകമെമ്പാടുമുള്ള മറ്റ് അംബാസിഡര്‍മാരുമായി ചര്‍ച്ച നടത്താനും ഖുഷിക്ക് അവസരമുണ്ടാവും.
പിറന്ന നാടിനു ചുറ്റുമുള്ള പച്ചപ്പിനെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വിഴുങ്ങുന്നത് കണ്ടാണ് പ്രകൃതിയെ സംരക്ഷിക്കാനുള്ള വഴികള്‍ താന്‍ തേടിത്തുടങ്ങിയതെന്ന് ഖുഷി പറയുന്നു. പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ ഉത്സാഹമുള്ളയാളാണ് താനെന്നും പ്രകൃതിയെ സംരക്ഷിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും ഖുഷി.
”ഞാനും കുടുംബവും നഗരത്തിലെ വീട്ടിലേക്കു മാറിയ സമയത്ത് ചുറ്റും നിറയെ പച്ചപ്പുണ്ടായിരുന്നു. പക്ഷേ ഞാന്‍ വലുതായപ്പോഴേക്കും ആ പച്ചപ്പെല്ലാം കോണ്‍ക്രീറ്റ് കാടുകളായി മാറുന്ന കാഴ്ച്ചയാണ് കണ്ടത്.
ഞാന്‍ കുട്ടിക്കാലത്ത് പ്രകൃതിയെ ആസ്വദിച്ചിരുന്നതുപോലെ എന്റെ സഹോദരിക്ക് കഴിയില്ല എന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് പ്രകൃതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും പ്രകൃതിയെ സംരക്ഷിക്കാന്‍ എന്നാല്‍ക്കഴിയുന്ന വിധം പരിശ്രമിക്കാനും തുടങ്ങിയത്” ഖുഷി എഎന്‍ഐയോട് പറഞ്ഞു.
മക്കള്‍ക്ക് എന്നും പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്നുവെന്ന് ഖുഷിയുടെ അമ്മ ബിനിത പറയുന്നു. പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കണമെന്ന് എപ്പോഴും മക്കളോട് പറയുമായിരുന്നു. ഖുഷിക്ക് ഇത്ര വലിയ ഉത്തരവാദിത്തം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും ബിനിത പറയുന്നു.