നമ്മുടെ കുട്ടികള്‍ വീട്ടിലും സ്കൂളിലും പോലും സുരക്ഷിതമല്ലാത്ത കാലമാണിത്. ക്ലാസ് മുറികളില്‍ കുട്ടികള്‍ ശാരീരിക അതിക്രമത്തിന് ഇരയാകുന്ന സംഭവങ്ങള്‍ അനുദിനം കൂടിവരികയാണ്. 60കാരനായ അധ്യാപകനില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തുകയാണ് 17കാരി പെണ്‍കുട്ടി ഇവിടെ.
ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പേജിലൂടെയാണ് പെണ്‍കുട്ടി ഇക്കാര്യം പങ്കുവെച്ചത്. അമ്മ പകര്‍ന്നു നല്കിയ ധൈര്യമാണ് തന്നെ ഈ സാഹചര്യം നേരിടാന്‍ സന്നദ്ധമാക്കിയതെന്നും പെണ്‍കുട്ടി പറയുന്നു.
പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ…”അടുത്തിടെ, 60 വയസ്സുള്ള ഒരാളുടെ അടുത്ത് ക്ലാസിക്കല്‍ സംഗീത പഠനത്തിനായി ഞാന്‍ പോവുകയുണ്ടായി. ആദ്യ ദിവസത്തെ ക്ലാസ് വളരെ നന്നായി പോയി. പക്ഷേ, ചില കാരണങ്ങളാല്‍ അയാളുടെ സാന്നിധ്യം എന്നെ അസ്വസ്ഥയാക്കി.
രണ്ടാമത്തെ ക്ലാസ്സില്‍ എന്റെ കസേര അടുപ്പിച്ച് അയാളെന്റെ കൈകളില്‍ തൊടാന്‍ തുടങ്ങി. എന്റെ കൈകള്‍ക്കും നെഞ്ചിനും മുകളിലൂടെ അയാള്‍ കണ്ണുകള്‍ ഓടിച്ചു. ഇതെന്നെ അങ്ങേയറ്റം അസ്വസ്ഥയാക്കി.
കുറച്ചുദിവസങ്ങള്‍ക്ക് ശേഷം അയാളെന്റെ അടുത്തുവന്ന് എന്റെ ചുണ്ടുകളില്‍ സ്പര്‍ശിച്ചു. എനിക്ക് വെറുപ്പ് തോന്നി, അയാളെ തള്ളിമാറ്റാന്‍ ഞാന്‍ ആഗ്രഹിച്ചു.
ഞാന്‍ പാടുമ്പോള്‍ അയാള്‍ എന്റെ കൈകളിലും ശരീരത്തിലും സ്പര്ശിച്ചുകൊണ്ടിരുന്നു. അയാളുടെ കൈ എന്റെ പുറകിലേക്ക് വീഴുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ പൂര്‍ണ്ണമായും മരവിച്ചുപോയി. അയാളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന് അറിയില്ലായിരുന്നു.
ക്ലാസ് അവസാനിച്ച ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് ഞാന്‍ വീട്ടിലേക്ക് ഓടി. തെറ്റ് ചെയ്ത അയാള്‍ കരയുന്നില്ല, പക്ഷെ ഒന്നും ചെയ്യാത്ത ഞാന്‍ കരയുന്നു. അന്ന് അമ്മ എന്റെ മുറിയില്‍ വന്നു. ഞാന്‍ എല്ലാ കാര്യങ്ങളും അമ്മയോട് തുറന്നു പറഞ്ഞു.
ഇനിയവിടെ പാട്ടു പഠിക്കാന്‍ പോകുന്നില്ലെന്ന് പറഞ്ഞു. എന്നാല്‍ അയാളെ വെറുതെ വിട്ടാല്‍ മറ്റു പെണ്‍കുട്ടികളോടും ഇതുതന്നെ ചെയ്യുമെന്ന് അമ്മ വിശദീകരിച്ചു. അതുകൊണ്ട് അടുത്ത ക്ലാസ്സില്‍ അമ്മയും ഒപ്പം ഇരിക്കാമെന്ന് സമ്മതിച്ചു.
അയാള്‍ വീണ്ടും എന്റെ കൈകളില്‍ സ്പര്‍ശിച്ചു. എന്റെ അമ്മ ചോദിച്ചു, ‘ഇത് സ്പര്‍ശിക്കുന്നത് ആവശ്യമാണോ?’. അയാള്‍ പ്രതിരോധം തീര്‍ക്കുന്നത് പോലെ മറുപടി പറഞ്ഞു, ‘പിന്നെങ്ങനെ ഞാന്‍ പഠിപ്പിക്കും?’. അമ്മ പറഞ്ഞു, ‘ഇത് ഞങ്ങളെ അസ്വസ്ഥരാക്കുന്നു. അതുകൊണ്ട് നിര്‍ത്തുക. ഇല്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ ഒഴിവാക്കും’. ‘നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ’ അയാള്‍ മറുപടി പറഞ്ഞു. പിന്നീട് ഒരിക്കലും അങ്ങനെ സംഭവിച്ചില്ല.
എന്നാല്‍ തുറിച്ചുനോക്കുന്നത് പിന്നേയും തുടര്‍ന്നു. ഓരോ ക്ലാസിലും അയാളെന്റെ നെഞ്ച് സ്കാന്‍ ചെയ്യും. അയാളെ പേടിച്ചു എന്നെത്തന്നെ മറച്ചുപിടിക്കേണ്ടിവന്നു. എന്നിട്ടും അയാള്‍ ഉറ്റുനോക്കും. ഒടുവില്‍ ഞങ്ങള്‍ അയാളോട് പോകാന്‍ പറഞ്ഞു.
ഇതിങ്ങനെ അവസാനിച്ചതില്‍ എനിക്ക് ആശ്വാസമുണ്ട്. എന്നാല്‍ അതിലും പ്രധാനമായി, പ്രതികരിക്കാന്‍ അമ്മ എന്നെ പഠിപ്പിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എനിക്കിപ്പോള്‍ 17 വയസ്സാണ്, ഇനിയൊരു വലിയ കാലഘട്ടം തന്നെ എന്റെ മുന്നിലുണ്ട്. ജീവിതത്തില്‍ തെന്നിവീഴാതെ മുന്നോട്ടുപോകുന്നത് എത്രത്തോളം സുപ്രധാനമാണെന്ന് എനിക്കിപ്പോള്‍ തിരിച്ചറിയാം.’