ഉത്തര്‍പ്രദേശിലെ നോയിഡ കേന്ദ്രീകരിച്ച് വ്യാജ കോള്‍ സെന്റര്‍ സ്ഥാപിച്ച് വിദേശികളില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വന്‍ സംഘം അറസ്റ്റില്‍.
പത്തുപേരെയാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസംഘം പിടികൂടിയത്. സൈബര്‍ തട്ടിപ്പിലൂടെ വിവിധ രാജ്യങ്ങളില്‍നിന്നായി 170 കോടി രൂപയോളം ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കരണ്‍ മോഹന്‍, വിനോദ് സിങ്, ധ്രുവ് നരംഗ്, മായങ്ക് ഗോഗിയ, അക്ഷയ് മാലിക്, ദീപക് സിങ്, അഹുജ പദ്വാള്‍, അക്ഷയ് ശര്‍മ, ജയന്ത് സിങ്, മുകുള്‍ റാവത് എന്നിവരാണ് പോലീസിന്റെ മിന്നല്‍ റെയ്ഡില്‍ കഴിഞ്ഞദിവസം പിടിയിലായത്.
നോയിഡ സെക്ടര്‍ 59-ലെ വ്യാജ കോള്‍ സെന്ററിലൂടെ യു.എസ്, കാനഡ, ബ്രിട്ടന്, ലെബനന്, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്.
അറസ്റ്റിലായ കരണ്‍ മോഹനും വിനോദ് സിങ്ങുമാണ് തട്ടിപ്പുസംഘത്തിന്റെ പ്രധാന സൂത്രധാരന്മാരെന്നും പോലീസ് പറഞ്ഞു.
നികുതി റീഫണ്ടിങ്ങുമായി ബന്ധപ്പെട്ട സഹായം, വിവിധതരത്തിലുള്ള മറ്റു സാങ്കേതിക സഹായങ്ങള്‍ തുടങ്ങിയവയാണ് തട്ടിപ്പുസംഘം വ്യാജ കോള്‍സെന്ററിലൂടെ വാഗ്ദാനം ചെയ്തിരുന്നത്.
എന്നാല്‍ ഇവരെ ബന്ധപ്പെടുന്നതോടെ വിവിധ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് വിളിക്കുന്നവരുടെ കമ്പ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും നിയന്ത്രണം സംഘം കൈക്കലാക്കും. തുടര്‍ന്നാണ് ഓണ്‍ലൈന്‍ വഴി പണം അപഹരിച്ചിരുന്നത്.
പ്രതികളില്‍നിന്ന് 70 കമ്പ്യൂട്ടറുകളും നിരവധി മൊബൈല്‍ഫോണുകളും സിംകാര്‍ഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇവയെല്ലാം ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും ഇവര്‍ക്കെതിരേ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.