നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു മുട്ട കണ്ടെത്തിയിരിക്കുന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. യുകെയിലെ ബക്കിംഗ്ഹാംഷെയറിൽ നിന്നാണ് 1700 വര്‍ഷം പഴക്കമുള്ള മുട്ടകളുടെ ഒരു ശേഖരം കണ്ടെത്തിയത്. എന്നാൽ സംഭവത്തിൽ ഗവേഷകരുടെ അത്ഭുതം ഈ മുട്ട കണ്ടെത്തിയതിലല്ല, മറിച്ച് ഇത്രയും വർഷമായിട്ടും ഈ മുട്ടയ്ക്കുള്ളിലെ ജലാംശം വറ്റിപ്പോയിട്ടില്ല എന്നതിലാണ്.
ചില ഗവേഷകരാകട്ടെ ഇത് കോഴിമുട്ടകളാണോ എന്ന സംശയവും പ്രകടിപ്പിച്ചു. ബക്കിംഗ്ഹാംഷെയറിൽ എയ്ലസ്ബറിയുടെ വടക്കുപടിഞ്ഞാറുള്ള ബെറിഫീൽഡിൽ 1,700 വർഷം പഴക്കമുള്ള പുള്ളികളുള്ള മുട്ടകളുടെ ഒരു ശേഖരം കണ്ടെത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പുരാവസ്തു ഗവേഷകരെയും പ്രകൃതി ശാസ്ത്രജ്ഞരെയും ഒരുപോലെ അത്ഭുതപ്പെടുത്തുകയാണ് ഈ കണ്ടെത്തൽ.
മഞ്ഞക്കരു, ആൽബുമിൻ എന്നിവയുടെ മിശ്രിതമാണെന്ന് വിശ്വസിക്കപ്പെടുന്ന ദ്രാവക ഉള്ളടക്കങ്ങളോട് കൂടിയ മുട്ടകളാണ് കേടുകൂടാതെ കണ്ടെത്തിയത്. ഏത് പക്ഷിയുടേതാണ് കണ്ടെത്തിയ മുട്ടകളെന്ന് തിരിച്ചറിയാനും നൂറ്റാണ്ടുകൾക്കുമുമ്പ് ജീവിച്ചിരുന്ന ആ പക്ഷികളെ കുറിച്ച് കൂടുതലറിയാനും ഈ ദ്രാവകത്തെ കുറിച്ചുള്ള പഠനം സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
വെള്ളം നിറഞ്ഞ ഒരു കുഴിയിൽ നിന്നാണ് 1.5 ഇഞ്ച് (4 സെന്റീമീറ്റർ) വീതിയുള്ള മുട്ടകൾ കണ്ടെത്തിയത്. ഈ കണ്ടെത്തലിന് പ്രധാന പങ്ക് വഹിച്ചത് ഡിജിബി കൺസർവേഷനിലെ പുരാവസ്തു ഗവേഷകനായ ഡാന ഗുഡ്ബേൺ-ബ്രൗൺ ആണ്. ഈ മുട്ടയുടെ മുട്ടയുടെ തുടർ പഠനങ്ങൾക്കായി അദ്ദേഹം കെന്റ് സർവകലാശാലയിലേക്ക് തിരിച്ചു. മുട്ടയുടെ ഉള്ളിൽ ദ്രാവകം ഉള്ളതായി മൈക്രോ സിടി സ്കാൻ പരിശോധനയിലൂടെയാണ് ഗവേഷകര്‍ സ്ഥിരീകരിച്ചത്.