പാലക്കാട് : വാളയാറിൽ ലോറിയിൽ കടത്തിയ 170 കിലോ കഞ്ചാവ് പിടികൂടി. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ.മലപ്പുറം കോട്ടക്കൽ സ്വദേശികളായ പി.നൗഫൽ, കെ.ഫിറോസ്, ഷാജിദ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് കസ്റ്റഡിയിലായവർ നൽകുന്ന സൂചന. വൻതോതിൽ അതിർത്തി കടന്ന് കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ കേരളത്തിലേക്കെത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കിയിരുന്നു. കസ്റ്റഡിയിലായ മൂന്നുപേരും ലോറിയിൽ തന്നെയുണ്ടായിരുന്നവരാണ്. ഇതിൽ ഡ്രൈവറും ക്ലീനറും ഉൾപ്പെടും.
ലോറിയിൽ യാതൊരു സംശയവും തോന്നാത്ത വിധമായിരുന്നു ഇത്രയുമധികം കഞ്ചാവ് ഒളിപ്പിച്ചു കടത്തിയിരുന്നത്. ഒറ്റനോട്ടത്തിൽ ലോറിയിൽ ലോഡ് ഇല്ലെന്നാണ് തോന്നുക.
ലോറിയുടെ സ്റ്റെപ്പിനി ടയറും കന്നാസും മറ്റും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വിശദമായ പരിശോധനയിലാണ് ഇവ കണ്ടുപിടിച്ചത്.
കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. പിടിയിലായവർ എത്രകാലമായി കഞ്ചാവ് കടത്തുന്നു എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്.
മലപ്പുറത്തേക്കാണ് കഞ്ചാവ് കൊണ്ടുപോയിരുന്നതെന്നാണ് ഇവർ നൽകുന്ന വിവരം. എന്നാൽ എക്സൈസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. പാലക്കാടോ കോഴിക്കോടോ ഇവർക്കെന്തെങ്കിലും ഇടപാടുണ്ടോ എന്നും എക്സൈസ് അന്വേഷിക്കുന്നുണ്ട്.
ആന്ധ്രയിൽ കുറഞ്ഞവിലയ്ക്കു കിട്ടുന്ന കഞ്ചാവ് വൻതോതിലാണ് ഇപ്പോൾ കേരളത്തിലേക്കൊഴുകുന്നത്. ഇത് കേരളത്തിലെത്തുന്പോൾ വില ലക്ഷങ്ങളാകും. ഇപ്പോൾ കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ഏറെപ്പേർ കഞ്ചാവുകടത്താനായി ആന്ധ്രയിലെത്തുന്നുണ്ടെന്ന് എക്സൈസ് അധികൃതർ പറയുന്നു.