178 വര്‍ഷം പഴക്കമുള്ള ബ്രിട്ടനിലെ ആദ്യത്തെ ടൂര്‍ ഓപ്പറേറ്റിംഗ് ഏജന്‍സി തോമസ് കുക്ക് രണ്ടു ദിവസത്തിനകം അടച്ചുപൂട്ടുമെന്ന് വിവരം. ലോകത്തിലെ ഏറ്റവും മികച്ച ടൂര്‍ ഏജന്‍സികളിലൊന്നായ തോമസ് കുക്കിന് ലോകത്തിന്റെ വിവിധയിടങ്ങളില്‍ ശാഖകളുണ്ട്. വന്‍ സാമ്പത്തിക ബാധ്യതയാണ് കമ്പനിയെ അടച്ചുപൂട്ടലിലേക്ക് നയിക്കുന്നത്.1.6 ബില്യണ്‍ പൗണ്ടിന്റെ കടബാധ്യതയ്ക്ക് അടിപ്പെട്ടതിനെ തുടര്‍ന്നാണ് തോമസ് കുക്ക് അടച്ച് പൂട്ടലിന്റെ വക്കിലേക്ക് നയിക്കപ്പെട്ടിരിക്കുന്നത്.
തോമസ് കുക്ക് പൂട്ടുന്നതിനെത്തുടര്‍ന്ന് ഇതിന്റെ സേവനം പ്രയോജനപ്പെടുത്തി വിവിധ രാജ്യങ്ങളിലേക്ക് യാത്ര പോവുകയും അവിടങ്ങളില്‍ കുടുങ്ങിപ്പോവുകയും ചെയ്ത 1,80,000 പേരെ തിരിച്ച് കൊണ്ടു വരാന്‍ വേറെ വഴി നോക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ശക്തമായി. തോമസ് കുക്ക് അടച്ച് പൂട്ടുന്നതിനെ തുടര്‍ന്ന് 16 രാജ്യങ്ങളില്‍ ആയിരക്കണക്കിന് പേര്‍ തൊഴില്‍ രഹിതരാവുകയും ചെയ്യും. ഒരു റെസ്‌ക്യൂ ഡീലിനായി സ്ഥാപനം ശ്രമിച്ച് കൊണ്ടിരിക്കുന്നുവെങ്കിലും ഞായറാഴ്ചയോടെ സ്ഥാപനത്തിന് താഴ് വീഴാനാണ് കൂടുതല്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. കമ്പനി പൂട്ടുന്നതോടെ വിദേശത്ത് പെട്ട് പോകുന്ന യാത്രക്കാരെ തിരിച്ച് കൊണ്ടു വരുന്നതിന് വന്‍ തോതില്‍ നികുതിപ്പണം ചെലവാക്കേണ്ടി വരുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടും സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയും ചേര്‍ന്ന് ഓപ്പറേഷന്‍ മാരത്തോണ്‍ എന്ന പേരില്‍ കടുത്ത നീക്കം ഇതിനായി ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
തോമസ് കുക്ക് പൂട്ടുന്ന സാഹചര്യത്തില്‍ വിദേശത്ത് കുടുങ്ങിപ്പോയ ബ്രിട്ടീഷുകാരെ തിരിച്ച് കൊണ്ടു വരുന്നതിന് രണ്ടാഴ്ചയെങ്കിലുമെടുക്കുമെന്നാണ് മുതിര്‍ന്ന ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നത്. പിടിച്ച് നില്‍ക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ തങ്ങളുടെ മണി ലെന്‍ഡര്‍മാരായ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്ലാന്‍ഡ്, ലോയ്ഡ്സ് ബാങ്ക് തുടങ്ങിയവരുമായി കടുത്ത വിലപേശലാണ് തോമസ് കുക്ക് നടത്തി വരുന്നത്. തങ്ങളുടെ ഏറ്റവും വലിയ ഷെയര്‍ഹോള്‍ഡറായ ചൈനീസ് കമ്പനി ഫോസനുമായി ചേര്‍ന്ന് ഒരു റെസ്‌ക്യൂ ഡീല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് ജൂലൈയില്‍ തോമസ് കുക്ക് തലവന്മാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആര്‍ബിഎസ് അടക്കമുള്ള ഒരു പറ്റം ബാങ്കുകള്‍ ഈ റെസ്‌ക്യൂ ഡീലിനെ അട്ടിമറിക്കുകയായിരുന്നു.
ഈ റെസ്‌ക്യൂ ഡീലിലേക്ക് 200 മില്യണ്‍പൗണ്ട് അടിയന്തിരമായി അനുവദിക്കണമെന്ന് പറഞ്ഞായിരുന്നു ലെന്‍ഡര്‍മാര്‍ ഇതിന് വിഘാതമിട്ടിരുന്നത്.ഇതോടെ കമ്പനിക്ക് പിടിച്ച് നില്‍ക്കാനാവാതെ പൂട്ടിക്കെട്ടേണ്ടുന്ന ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്. 1841ല്‍ വിക്ടോറിയന്‍ കാബിനറ്റ് മേക്കറായ തോമസ് കുക്കാണ് ഈ സ്ഥാപനം സ്ഥാപിച്ചത്. എന്തായാലും കമ്പനി പൂട്ടുന്നതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നിരവധി ആളുകള്‍ക്ക് പണി പോകുമെന്നുറപ്പായി.