രാജ്യത്ത് നിലനില്‍ക്കുന്ന അരാജകത്വത്തിന് മറ്റൊരു ഉദാഹരണം കൂടി. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നാണ് ഈ വാര്‍ത്ത വരുന്നത്. ഉന്നാവോയില്‍ പതിനെട്ടുകാരിയെ ചുട്ടുകൊന്ന നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് പെണ്‍കുട്ടിയുടെ മൃതദേറം വഴിയരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
സന്ധ്യയ്ക്ക് ഏഴു മണിയോടെ പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് സൈക്കിളില്‍ പോയ പെണ്‍കുട്ടിയെ എട്ടുമണിയോടെ വഴിയരികില്‍ തീ കത്തുന്ന നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവസ്ഥലത്തു നിന്നും പെണ്‍കുട്ടി വാങ്ങിയ പച്ചക്കറികളും സൈക്കിളും കിടന്നിരുന്നു. പാതിയൊഴിഞ്ഞ പെട്രോള്‍ കന്നാസും തീപ്പെട്ടിയും സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. വീടിനും മാര്‍ക്കറ്റിനും മധ്യേയുള്ള ബാര സാഗറിലാണ് പെണ്‍കുട്ടിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
തീ ആളിക്കത്തുന്നത് കണ്ട് നാട്ടുകാര്‍ അവിടേക്ക് എത്തിയെങ്കിലും ആര്‍ക്കും അവളെ രക്ഷിക്കാന്‍ കഴിയാത്ത വിധത്തിലായിരുന്നു. അവളെ അജ്ഞാതര്‍ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നുവെന്ന് അമ്മയും സഹോദരനും ആരോപിച്ചു.
മകള്‍ കത്തിയെരിയുമ്പോള്‍ സമീപത്തുള്ള കടുക് പാടത്ത് ജോലി ചെയ്യുകയായിരുന്നു അമ്മ. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഈ ഘട്ടത്തില്‍ വ്യക്തമല്ലെന്ന് ഉന്നാവോ എസ്.പി പുഷ്പാജ്ഞലി പറഞ്ഞു.
കൊലപാതകമാകാനാണ് സാധ്യത കൂടുതലെന്ന് ലഖ്നൗ എഡിജി രാജീവ് കൃഷ്ണ പറഞ്ഞു. സോണല്‍ ഐ.ജി സ്ഥലത്തെത്തി നിരീക്ഷണം നടത്തി. സംഭവം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിക്കൊണ്ടു വന്നതോടെ രാഷ്ട്രീയ മാനവും കൈവന്നിട്ടുണ്ട്.