കൊല്ക്കത്തയിലെ ജാദവ്പുര് സര്വകലാശാലയിലെ ഒന്നാംവര്ഷ വിദ്യാര്ഥിയെ മരണപ്പെട്ട നിലയില് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സീനിയര് വിദ്യാര്ഥികള് അറസ്റ്റില്.
രണ്ടാംവര്ഷ ഇക്കണോമിക്സ് വിദ്യാര്ഥി ദീപ്ശേഖര് ദത്ത, രണ്ടാംവര്ഷ സോഷ്യോളജി വിദ്യാര്ഥി മന്തോഷ് ഘോഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം ഒമ്പതാം തീയതിയാണ് ബി.എ. ബെംഗാളി(ഹോണേഴ്സ്) ആദ്യ വര്ഷ വിദ്യാര്ഥിയായ സ്വപ്നദീപ് കുണ്ടുവിനെ ഹോസ്റ്റല് കെട്ടിടത്തില്നിന്ന് വീണ് മരിച്ചനിലയില് കണ്ടെത്തിയത്.
സ്വപ്നദീപ് ഹോസ്റ്റലില് ക്രൂരറാഗിങ്ങിനിരയായെന്നും ഇതിനുപിന്നാലെയാണ് മരണം സംഭവിച്ചതെന്നുമാണ് ആരോപണം.
18-കാരനായ വിദ്യാര്ഥിയുടെ മരണത്തില് സര്വകലാശാലയിലെ ഒരു പൂര്വവിദ്യാര്ഥിയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2022-ല് സര്വകലാശാലയില്നിന്ന് പഠനം പൂര്ത്തിയാക്കിയ ശേഷവും ഹോസ്റ്റലില് തങ്ങിയിരുന്ന സൗരഭ് ചൗധരി എന്നയാളാണ് കഴിഞ്ഞദിവസം പിടിയിലായത്. ഇയാളെ ഓഗസ്റ്റ് 22 വരെ പോലീസ് കസ്റ്റഡിയില് റിമാന്ഡ് ചെയ്തു.
അതിനിടെ, ജാദവ്പുര് സര്വകലാശാല ഹോസ്റ്റലില് ജൂനിയര് വിദ്യാര്ഥികളെ സീനിയര് വിദ്യാര്ഥികള് ക്രൂരമായ റാഗിംഗിന് വിേധയരാക്കാറുണ്ടെന്ന പരാതികള് ഉയര്ന്നിട്ടുണ്ട്.
ഇതുസംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലും വെളിപ്പെടുത്തലുണ്ടായി. ഹോസ്റ്റലില് ജൂനിയര് വിദ്യാര്ഥികളെ നഗ്നരാക്കിയും ലൈംഗിക വേഴ്ചകളില് ഏര്പ്പെടാന് നിര്ബന്ധിച്ചുമാണ് സീനിയര് വിദ്യാര്ഥികള് റാഗ് ചെയ്തിരുന്നത് എന്നാണ് ആരോപണം.
വിദ്യാര്ഥികളെ അസഭ്യംപറയുന്നത് പതിവായിരുന്നുവെന്നും പറയുന്നു. ഇത്തരം പരാതികള് വ്യാപകമായതോടെ സ്വപ്നദീപ് കുണ്ടു ഏതെങ്കിലും രീതിയിലുള്ള ലൈംഗികാതിക്രമത്തിന് ഇരയായോ എന്നതടക്കമുള്ള കാര്യങ്ങള് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. ഓഗസ്റ്റ് ഒമ്പതിന് രാത്രി 11.45-ഓടെയാണ് സ്വപ്നദീപിനെ ഹോസ്റ്റല് കെട്ടിടത്തില്നിന്ന് വീണനിലയില് കണ്ടെത്തിയത്.
തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും പത്താംതീയതി പുലര്ച്ചെ നാലരയോടെ മരിച്ചു.
സംഭവദിവസം വൈകിട്ട് അമ്മയെ ഫോണില്വിളിച്ച സ്വപ്നദീപ്, തനിക്ക് ഇവിടെ നില്ക്കാന് ഭയമാണെന്ന് പറഞ്ഞിരുന്നു. സുഖമില്ലെന്നും ഭയന്നിരിക്കുകയാണെന്നുമാണ് 18-കാരന് അമ്മയോട് പറഞ്ഞത്.
എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള് ‘ദയവായി നിങ്ങള് ഇവിടേക്ക് വേഗം വരൂ, എനിക്ക് കുറേ കാര്യങ്ങള് പറയാനുണ്ട്’ എന്നായിരുന്നു സ്വപ്നദീപിന്റെ മറുപടി.
എന്നാല്, അല്പസമയത്തിന് ശേഷം സ്വപ്നദീപിനെ ഫോണില് വിളിച്ചിട്ട് കിട്ടിയില്ല. പിന്നീട് ഒരുമണിക്കൂറിന് ശേഷമാണ് മകനെ ആശുപത്രിയില് പ്രവേശിപ്പിച്ചെന്ന വിവരം തങ്ങളെ അറിയിച്ചതെന്നും കൊല്ക്കത്തയിലെ ആശുപത്രിയിലേക്ക് വരാനായിരുന്നു നിര്ദേശം ലഭിച്ചതെന്നും സ്വപ്നദീപിന്റെ കുടുംബം പറഞ്ഞു.
റാഗിങ്ങിനെത്തുടര്ന്നാണ് സ്വപ്നദീപ് മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
വിദ്യാര്ഥിയുടെ മൃതദേഹത്തില് പരിക്കേറ്റ പാടുകളുണ്ടെന്ന് ഡോക്ടര്മാര് കണ്ടെത്തിയിരുന്നതായും ഹോസ്റ്റലിലെ സീനിയര് വിദ്യാര്ഥികളാണ് മരണത്തിന് ഉത്തരവാദികളെന്നും ഇവര് ആരോപിച്ചു.