ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ഭര്‍ത്താവിനെ വഴിയില്‍ കാത്തുനിന്ന നാഗാലാന്‍ഡ് സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.
മേനംകുളം മണക്കാട്ടുവിളാകം വിളയില്‍ വീട്ടില്‍ അനീഷിനെയാണ് (25) തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്.
അതിക്രമത്തിനിടെ കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ പതിനെട്ടുകാരി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച പുലര്‍ച്ചെ 12.10 ന് ആക്കുളം ബൈപ്പാസില്‍ കുളത്തൂര്‍ എസ്.എന്‍ നഗറിന് സമീപത്തെ സര്‍വീസ് റോഡില്‍ വച്ചായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ ആക്രമിച്ചത്.
അടുത്തിടെയാണ് കുളത്തൂര്‍ മുക്കോലയ്ക്കല്‍ ജംഗ്ഷനു സമീപം വാടകവീട്ടില്‍ ഭര്‍ത്താവുമൊത്ത് പെണ്‍കുട്ടി താമസം തുടങ്ങിയത്.
ഭര്‍ത്താവ് ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലേക്ക് പോയിരുന്നു. രാത്രി 11.45ന് ജോലി കഴിഞ്ഞ് റസ്റ്റോറന്റില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച ശേഷം കാത്തുനില്ക്കുകയായിരുന്നു.
ബൈക്കില്‍ പെണ്‍കുട്ടിയെ പിന്തുടര്ന്നെത്തിയ അനീഷ് ആക്രമിക്കുകയായിരുന്നു. പിന്നാലെയെത്തിയ പ്രതി പെണ്‍കുട്ടിയെ കടന്നു പിടിച്ചു.
കുതറിമാറിയ പെണ്‍കുട്ടിയെ സമീപത്തെ ഓടയിലേക്ക് തള്ളിയിട്ട ശേഷം പീഡിപ്പിക്കാന്‍ പ്രതി ശ്രമിച്ചു. പ്രാണരക്ഷാര്‍ത്ഥം യുവാവിന്റെ വിരലില്‍ പെണ്‍കുട്ടി കടിക്കുകയും നിലവിളിക്കുകയുമായിരുന്നു.
ഇതോടെ പെണ്‍കുട്ടിയുടെ മുഖത്തടിച്ച ശേഷം യുവാവ് ഓടയുടെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ മുഖം ഉരയ്ക്കുകയും തറയില്‍ തല പിടിച്ച് ശക്തിയായി ഇടിക്കുകയും ചെയ്തു.
ആക്രമണത്തിനിടെ ? ഭര്‍ത്താവ് വരുന്നതു കണ്ട് അനീഷ് ബൈക്കില്‍ രക്ഷപ്പെട്ടു. റസ്റ്ററന്റ് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തുമ്പ പോലീസ് സ്ഥലത്തെത്തി.
സമീപത്തെ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അനീഷിനെ കണ്ടെത്തി. സിസിടിവി ദൃശ്യം പോലീസ് യുവതിയെ കാണിച്ചപ്പോള്‍ അനീഷിനെ തിരിച്ചറിഞ്ഞു.
ഇയാളുടെ ബൈക്കും കാമറയില്‍ പതിഞ്ഞിരുന്നു. രാത്രിയോടെ മേനംകുളത്തെ വീട്ടില്‍ നിന്ന് തുമ്പ എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.