പഴയകാല ചരിത്രത്തിലേക്ക് വഴി നയിച്ചുകൊണ്ട് കാസര്ഗോട്ട് വീണ്ടും പുരാതന ചെങ്കല്ലറ കണ്ടെത്തി.
കോടോത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പറമ്പിലാണ് ചെങ്കല്ലറ കണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് ഇത് ശ്രദ്ധയില്പ്പെട്ടത്.
കോടോം ബേളൂര് പഞ്ചായത്തിലെ കോടോത്താണ് ചെങ്കല്പ്പാറ തുരന്ന് നിര്മ്മിച്ച നിലയില് ചെങ്കല്ലറ കണ്ടെത്തിയത്.
മൂന്ന് തട്ടുകളായി കൊത്തിയെടുത്ത കവാടവും പടികളുമുണ്ട്. മുകള് ഭാഗത്ത് വൃത്താകൃതിയില് ദ്വാരവുമുണ്ട്.
ഒരാള്ക്ക് ഊര്ന്നിറങ്ങാന് പാകത്തിലുള്ളതാണ് ഈ ദ്വാരം. നേരത്തേയും കാസര്ഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില് ചെങ്കല്ലറകള് കണ്ടെത്തിയിട്ടുണ്ട്.
ചെങ്കല്ലറയ്ക്ക് 1800 ലധികം വര്ഷം പഴക്കം കണക്കാക്കുന്നു. വിശ്വാസത്തിന്റെ ഭാഗമായി വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മണ്പാത്രങ്ങളും ആയുധങ്ങളും അടക്കം ചെയ്താണ് ചെങ്കല്ലറകള് നിര്മ്മിക്കുന്നത്.
കണ്ടെത്തിയ ചെങ്കല്ലറയില് ഉള്ഭാഗത്ത് എന്തൊക്കെയുണ്ടെന്ന് വ്യക്തമല്ല. പ്രദേശത്ത് മണ്ണ് നിറഞ്ഞ് കിടക്കുകയാണ്.
മുനിയറ, നിധിക്കുഴി, മുതലപ്പെട്ടി, പീരങ്കി ഗുഹ എന്നിങ്ങനെ പല പേരുകളിലാണ് ചെങ്കല്ലറ അറിയപ്പെടുന്നത്. മഹാശില സ്മാരകമായ ഇത് സംരക്ഷിക്കാനാണ് തീരുമാനം.