വെള്ളരിക്കുണ്ട്(കാസർഗോഡ്): ബളാല്‍ അരീങ്കല്ലിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആന്മരിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പെണ്‍കുട്ടിയുടെ സഹോദരന് ആല്‍ബിനെ(22) ഇന്ന് തെളിവെടുപ്പിനായി സ്ഥലത്തെത്തിക്കും.
വീട്ടില്‍ തന്നെ തയ്യാറാക്കിവെച്ച ഐസ്ക്രീമില് എലിവിഷം കലര്‍ത്തിയാണ് ആസൂത്രിതമായ കൊലപാതകം നടത്തിയത്. മകള്‍ക്കൊപ്പം ഐസ്ക്രീം കഴിച്ച അച്ഛന് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.
അരീങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെയും ബെസിയുടെയും മകളും വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയുമായ ആന്‍ മരിയ ഓഗസ്റ്റ് അഞ്ചിനാണ് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.
മഞ്ഞപ്പിത്തമെന്നു സംശയിക്കാവുന്ന രോഗലക്ഷണങ്ങളോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച നിലയിലായിരുന്നു.
ആശുപത്രിയില്‍ വച്ച് കോവിഡ് പരിശോധന നടത്താനായി സാമ്പിള്‍ ശേഖരിച്ചപ്പോഴാണ് വിഷം അകത്തുചെന്നതാണെന്ന സംശയമുണ്ടായത്. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
മരിക്കുന്നതിനു നാലുദിവസം മുമ്പ് വീട്ടില്‍ ഉണ്ടാക്കിയ ഐസ്ക്രീം കഴിച്ചതിനു ശേഷമാണ് ആന്‍മരിയക്ക് അസ്വസ്ഥതകള്‍ തുടങ്ങിയത്. പെണ്‍കുട്ടിയും സഹോദരന് ആല്‍ബിനും ചേര്‍ന്നാണ് ഐസ്ക്രീം ഉണ്ടാക്കിയത്. സമീപത്തെ ഒരു ബേക്കറിയില്‍നിന്നാണ് ഇതിനായുള്ള സാധനങ്ങള്‍ വാങ്ങിയത്.
നേരത്തേ ബേക്കറിയിലും ഹോട്ടലിലും ജോലിചെയ്തിട്ടുള്ള ആല്ബിന് ഐസ്ക്രീം ഉണ്ടാക്കുന്ന വിധം ഒരുവിധം നന്നായി അറിയാമായിരുന്നു. ഐസ്ക്രീം ഉണ്ടാക്കിയതിനു ശേഷം അതിന്റെ ചിത്രം ആന്‍ മരിയ സാമൂഹ്യമാധ്യമങ്ങളിലൂടെ കൂട്ടുകാരുമായി പങ്കുവച്ചിരുന്നു.
എല്ലാവരും ചേര്‍ന്ന് ഐസ്ക്രീം കഴിച്ചതിനു ശേഷം ബാക്കി പിന്നീട് കഴിക്കാമെന്നുവച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. ഇങ്ങനെ സൂക്ഷിച്ചുവച്ച ഐസ്ക്രീമിലാണ് പിന്നീട് ആല്ബിന് വിഷം കലര്‍ത്തിയത്. അടുത്ത ദിവസം ആന്മരിയയും അച്ഛനും ഇതില്‍നിന്ന് എടുത്തു കഴിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിക്കു ഛര്‍ദിയും അസ്വസ്ഥതകളും ആരംഭിച്ചത്.
കോവിഡ് കാലമായതിനാല്‍ തുടക്കത്തില്‍ വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചെന്ന് മരുന്നുവാങ്ങി തിരിച്ചുപോരുകയായിരുന്നു. മഞ്ഞപ്പിത്തമാണെന്ന സംശയംകൊണ്ടു പച്ചമരുന്ന് ചികിത്സയും നടത്തി.
എന്നാല്‍ രണ്ടു ദിവസത്തിനകം നില ഗുരുതരമായതോടെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്നുതന്നെ മരണം സംഭവിക്കുകയും ചെയ്തു.
തൊട്ടുപിന്നാലെ സമാനമായ രോഗലക്ഷണങ്ങളുമായി ബെന്നിയും ആശുപത്രിയിലായി. അമ്മ ബെസിക്കും നേരിയ രോഗലക്ഷണങ്ങള്‍ ഉണ്ടായി. ഇതോടെ ആല്ബിന് തനിക്കും അസ്വസ്ഥതകള്‍ ഉള്ളതായി അഭിനയിച്ച് ആശുപത്രിയിലെത്തിയിരുന്നു.
ബെസിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെങ്കിലും ആൽബിന്റെ ശരീരത്തിൽ വിഷ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇതും സംശയത്തിന്റെ മുന ഇയാളിലേക്കു നീളാൻ കാരണമായി.
ആന്‍ മരിയയുടെ മരണം സംഭവിച്ചത് എലിവിഷത്തിന്റെ ഘടകങ്ങള്‍ അകത്തുചെന്നിട്ടാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. പോലീസും ആരോഗ്യവകുപ്പ് അധികൃതരും വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ എലിവിഷത്തിന്റെ പായ്ക്കറ്റ് കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് സഹോദരന് നടത്തിയ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.