മണിമല: സിനിമാ സ്റ്റെലിൽ കാർ തടഞ്ഞു നിർത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് പിടികൂടി. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.
കറുകച്ചാൽ ഏഴുംകാല തുരുത്തിക്കാട്ടിൽ അലക്സ് ജോസഫ്(31 )ആണ് പിടിയിലായത്. കഴിഞ്ഞ ആറിനു പുലർച്ചെ കൊടുങ്ങൂർ-മണിമല റോഡിൽ മണിമലയ്ക്കു സമീപമായിരുന്നു സംഭവം.
ചാമംപതാലിലുള്ള കോഴിഫാമിലെ ജീവനക്കാരായ വലിയകാവിൽ പൂച്ചെടിയിൽ ജെഫിൻ പി. ജെയിംസ് (24), വലിയകാവ് കുപ്പയ്ക്കൽ റോണി മാത്യു (23) എന്നിവരെയാണ് മർദിച്ചു ഭീഷണപ്പെടുത്തിയശേഷം ഇവരുടെ പക്കലുണ്ടായിരുന്ന കളക്ഷൻ തുകയായ അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തത്.
നാളുകളായി അലക്സ് ഉൾപ്പെടുന്ന സംഘത്തിനു കോഴിഫാമിലെ ജീവനക്കാർ പണവുമായി പോകുന്ന കാര്യം അറിയാമായിരുന്നു. തുടർന്ന് ദിവസങ്ങളായി സംഘം യുവാക്കളുടെ യാത്രാ സമയവും മറ്റും നിരീക്ഷിച്ചു വരികയായിരുന്നു.
പീന്നിട് ആളൊഴിഞ്ഞ സ്ഥലത്തുവച്ചു യുവാക്കളെ ആക്രമിച്ചു പണം തട്ടിയെടുക്കാനുള്ള പദ്ധതി തയാറാക്കി. ആദ്യം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും പിന്നീടും പണം തട്ടാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു.
തുടർന്നാണ് ആറിനു കാർ തടഞ്ഞു നിർത്തി മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചുശേഷം കത്തികാണിച്ചു ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗുമായി ഇയാൾ രക്ഷപ്പെട്ടത്. യുവാക്കൾ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണിമല പോലീസ് നടത്തിയ അന്വേഷണത്തിലാണ് അലക്സിനെക്കുറിച്ചു വിവരം ലഭിച്ചത്.
തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾ മുങ്ങിയിരിക്കുകയാണ്. ഇവരുടെ ഒളിസങ്കേതത്തെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഉടൻ മറ്റു പ്രതികളെ പിടികൂടുമെന്ന് മണിമല പോലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്ത അലക്സിനെ കോടതിയിൽ ഹാജരാക്കി. ഇയാളെ പാലായിലുള്ള ക്വാറന്റൈൻ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. തുടർന്ന് 14 ദിവസത്തിനുശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നും പോലീസ് പറഞ്ഞു.
മണിമല എസ്എച്ച്ഒ ബി. ഷാജിമോന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ സുനിൽ കുമാർ, ഹരിപ്രസാദ്, സിപിഒ പ്രദീപ് എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടി.