കോഴിക്കോട്: ഇവനൊക്കെ മനുഷ്യനാണോ? കുഞ്ഞനുജൻമാർക്കു കൂട്ടിരുന്ന ആറു വയസുകാരിയെ രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ കടുത്ത ജനരോഷം.
സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുന്നത്.
പീഡനത്തിനു പിന്നില്‍ ഇവരാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ചോദിച്ചറിയുകയാണെന്നും താമരശേരി ഡിവൈഎസ്പി ഇ.പി.പൃഥ്വിരാജ് അറിയിച്ചു.
അച്ഛനും അമ്മയും തമ്മിൽ കഴിഞ്ഞ ദിവസം രാത്രി വഴക്കുണ്ടായിരുന്നു. ഇതേത്തുടർന്ന് അമ്മ ബന്ധുവിന്റെ അടുത്തേക്കു പിണങ്ങിപ്പോയി.
പിണങ്ങിപ്പോയ ഭാര്യയെ വിളിക്കാൻ രാത്രിയിൽ പത്തോടെ ഭർത്താവ് പോയ സമയത്താണ് അടച്ചുറപ്പില്ലാത്ത വീട്ടിലേക്ക് “മനുഷ്യമൃഗങ്ങൾ” അതിക്രമിച്ചുകയറിയത്.
മൂന്നരയും ഒന്നരയും വയസു ള്ള അനുജൻമാർക്കു കൂട്ടിരിക്കാൻ ആറു വയസുകാരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ, കുഞ്ഞുങ്ങൾ വീട്ടിൽ ഒറ്റയ്ക്കാണെന്നു തിരിച്ചറിഞ്ഞവർ ആറു വയസുകാരിയെ നോട്ടമിടുകയായിരുന്നെന്നു കരുതുന്നു.
രാത്രി പതിനൊന്നോടെ വീടിനു മുന്നിൽ അനുജനോടൊപ്പമിരുന്നു കരയുന്ന നിലയിൽ പെൺകുട്ടിയെ അയൽക്കാർ കണ്ടിരുന്നു.അച്ഛൻ തരികെ വീട്ടിലെത്തിയതോടെയാണ് കുരുന്നിനെ അതിക്രൂരമായ ആക്രമിച്ച വിവരം പുറത്തറിഞ്ഞത്.
രക്തം വാർന്ന് അവശനിലയിലായ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്പോഴേക്കും അബോധാവസ്ഥയിൽ ആയിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.
അതേസമയം, കേസ് അന്വേഷിക്കുന്നതിനായി പ്രത്യേകസംഘത്തെ രൂപീകരിച്ചു. എസ്പി ഡോ.ബി.ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി, കാക്കൂര്‍ ഇന്‍സ്പക്ടര്‍ സിജു, ബാലുശേരി ഇന്‍സ്പക്ടര്‍ ജീവന്‍ജോര്‍ജ്ജ് തുടങ്ങി പത്തു പേരടങ്ങുന്ന സംഘമാണ് അന്വേഷിക്കുന്നത്.
ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഉണ്ണികുളം പഞ്ചായത്തിലെ എകരൂല്‍ വള്ളിയോത്ത് മാളൂര്മല ക്വാറിക്കടുത്തു താമസിക്കുന്ന നേപ്പാള്‍ സ്വദേശിനിയായ ബാലികയാണ് പീഡിനത്തിനിരയായത്.
മാതാപിതാക്കള്‍ എത്തിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തതായാണ് അന്വേഷണ സംഘം പറയുന്നത്.