ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള കായിക താരങ്ങളുടെ മോഹങ്ങൾക്ക് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പച്ചക്കൊടി. ഏഷ്യൻ ഗെയിംസിനു കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നതിലുള്ള നിബന്ധനകളിൽ അയവുവരുത്തിയാണ് മന്ത്രാലയം പച്ചക്കൊടി കാട്ടിയത്. ഈ മാസം മൂന്നിന് 524 കായിക താരങ്ങളുടെ പട്ടിക ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) പ്രഖ്യാപിച്ചിരുന്നു.
രൂക്ഷവിമർശനം ഉയർന്നതോടെയാണ് കായികമന്ത്രാലയം നിബന്ധനകളിൽ അയവുവരുത്താൻ വിവിധ കായിക സംഘടനകളോട് ആവശ്യപ്പെട്ടത്. ദേശീയ കായിക സംഘടനകൾക്ക് (എൻഎസ്എഫ്എസ്) താരങ്ങളെ തെരഞ്ഞെടുക്കാനുള്ള സ്വയംഭരണാധികാരം മന്ത്രാലയം നല്കി.
ഇതോടെ 2015 മാർച്ച് 10നു പുറപ്പെടുവിച്ച കായികമന്ത്രാലയത്തിന്റെ നിയമാവലികൾ അപ്രസക്തമായി. ഇന്ത്യയുടെ മെഡൽ സാധ്യത വർധിപ്പിക്കുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ നിർദേശമെന്ന് സ്പോർട്സ് സെക്രട്ടറി രാഹുൽ ഭത്നഗർ പറഞ്ഞു.
പുതിയ മാർഗരേഖ
സമീപനാളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീം തെരഞ്ഞെടുപ്പ് നടത്തേണ്ടത്. അതിനായി ആറു മാസത്തെ പ്രകടനം കണക്കിലെടുക്കാം. ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ തുടങ്ങിയ ടീം തെരഞ്ഞെടുപ്പിൽ ഇതു ബാധകമായിരിക്കും. നേരത്തേ ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിന് അയയ്ക്കേണ്ടെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. വിവാദമായ ഈ തീരുമാനത്തിനെതിരേ പരിശീലകൻ അടക്കമുള്ളവർ രംഗത്തെത്തി.
ആദ്യ നാലിൽ എത്താൻ സാധ്യതയുണ്ടെന്ന് അതത് കായിക സംഘടനകൾക്ക് തോന്നുന്ന താരങ്ങളെയും ടീമുകളെയും ഏഷ്യൻ ഗെയിംസിന് അയയ്ക്കാമെന്ന് പുതിയ സർക്കുലറിൽ പറയുന്നു.
പഴയ മാർഗരേഖ
അവസാനം പങ്കെടുത്ത ഏഷ്യൻ ഗെയിംസിലെ പ്രകടനം, ഭൂഖണ്ഡത്തിലെ റാങ്കിംഗ്, കഴിഞ്ഞ ഒരു വർഷത്തെ മത്സരഫലങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ടീമുകളെ തെരഞ്ഞെടുക്കണമെന്നായിരുന്നു നേരത്തേ മന്ത്രാലയം പ്രഖ്യാപിച്ചിരുന്ന മാർഗരേഖ. പുതിയ പ്രഖ്യാപനത്തോടെ ഈ നിബന്ധനകൾ അസാധുവായി. ടീമിൽ ഇടംലഭിക്കാത്തതിനും ടീമുകളെ ഗെയിംസിന് അയയ്ക്കാത്തതിനും എതിരായി കായിക താരങ്ങളും ടീം അധികൃതരും കോടതിയെ സമീപിച്ചു. കോടതി വിധിയെത്തുടർന്ന് പുരുഷ ഹാൻഡ്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിന് അയയ്ക്കാൻ ഐഒഎ തീരുമാനിച്ചിരുന്നു.
ഇന്ത്യ @ ഏഷ്യൻ ഗെയിംസ്
സ്വർണം വെള്ളി വെങ്കലം ആകെ
139 178 299 616
@ 2014 ഗെയിംസ്
11 09 37 57
@ 2010 ഗെയിംസ്
14 17 34 65