ശരീരത്തിലെ ആന്റിബോഡികളെ പ്രതിരോധിക്കുന്നതിന് കൊറോണ വൈറസ് നിരന്തരം രൂപാന്തരം പ്രാപിക്കുന്നുവെന്ന് വിദഗ്ധരുടെ കണ്ടെത്തല്‍.
ഇന്ത്യയില്‍ തന്നെ ഇതിനകം വൈറസിന്റെ 19 വകഭേദങ്ങളെ കണ്ടെത്തിയതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 133 രാജ്യങ്ങളില്‍നിന്നുള്ള 2,40,000 വൈറസ് ജിനോം പരിശോധിച്ചതില്‍ 86 എണ്ണത്തില്‍ വകഭേദങ്ങള്‍ കണ്ടെത്തിയതായി സിഎസ്ഐര്‍, ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ്, കര്‍ണൂല്‍ മെഡിക്കല്‍ കോളജ്, എന്നിവ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ഇവ ആന്റിബോഡികളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് ഗവേഷകര്‍ പറയുന്നു. കണ്ടെത്തിയ 86 വകഭേദങ്ങളില്‍ പത്തൊന്‍പതും ഇന്ത്യയിലാണ്. വൈറസിനെതിരെ വാക്സിന്‍ ഫലപ്രദമാവുമോയെന്ന ആശങ്ക സൃഷ്ടിക്കുന്നതാണ് പുതിയ വകഭേദങ്ങള്‍.
വൈറസിനെ നേരിടാന്‍ പര്യാപ്തമായ ആന്റിബോഡികള്‍ ശരീരത്തില്‍ സൃഷ്ടിക്കുകയാണ് വാക്സിനേഷനിലൂടെ ചെയ്യുന്നത്. എന്നാല്‍ പുതിയ കണ്ടെത്തലില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേസമയം കൂടുതല്‍ ജാഗ്രത ആവശ്യമുണ്ടെന്ന് സിഎസ്ഐര്‍ -ഐജിഐബി പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളായ വിനോദ് സ്‌കറിയ പറഞ്ഞു.
വാക്സിന്‍ ഫലപ്രദമാവില്ലെന്നല്ല, അതിന്റെ ശേഷി കുറയ്ക്കുമെന്നതാണ് കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ടാവുന്നതിന്റെ പ്രശ്നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓക്സ്ഫഡ് വാക്സിനാവും രാജ്യത്തേക്ക് ആദ്യം എത്തുക. ഈ ആഴ്ച തന്നെ വാക്സിന് അനുമതി നല്‍കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മിക്കുന്നത്. പുതുവര്‍ഷത്തിനു മുന്‍പുതന്നെ വാക്സിന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമര്‍പ്പിച്ച വിവരങ്ങള്‍ തൃപ്തികരം എന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍.