കൊച്ചിയില് കാറില് 19കാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില് പ്രതിയായ രാജസ്ഥാന് സ്വദേശിനി ഡിംപിള് ലാമ്പയ്ക്ക് വ്യക്തമായ പങ്കെന്ന് കണ്ടെത്തല്..
ഇവരുടെ ഫോണ് കസ്റ്റഡിയില് എടുത്ത് പരിശോധിച്ചപ്പോള്, പ്രതികള് പലതവണ തമ്മില് ആശയവിനിമയം നടത്തിയതായി കണ്ടെത്തി.
ഡിംപിളടക്കം എല്ലാപ്രതികള്ക്കും കേസില് കൃത്യമായ പങ്കാളിത്തമുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ കഴിഞ്ഞ ദിവസമാണ് കോടതി പോലീസ് കസ്റ്റഡിയില് വിട്ടത്.
പ്രതികള്ക്കൊപ്പം പോലീസ് തെളിവെടുപ്പിനായി എറണാകുളത്തെ ബാറിലെത്തിയിരുന്നു. കാക്കനാട്ടെ താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് പ്രതികള് പെണ്കുട്ടിയെ കാറില് കയറ്റിയത് ഈ ബാറില് നിന്നായിരുന്നു.
കടവന്ത്ര, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു.
ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. കേസിലുള്പ്പെട്ട കൊടുങ്ങല്ലൂര് സ്വദേശികള്ക്കെതിരേ മറ്റു കേസുകള് നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
ലഹരികച്ചവടക്കാരുമായുള്ള ബന്ധമടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബാറില് തെളിവെടുപ്പ് നടത്തിയിരുന്നു.
ബാറിനോട് ചേര്ന്നുള്ള പാര്ക്കിംഗ് ഉള്പ്പെടെയുള്ള സ്ഥലങ്ങളില് ബുധനാഴ്ച പരിശോധന നടത്തും.
മോഡലുമായി വാഹനം സഞ്ചരിച്ച വഴികളിലും തെളിവെടുപ്പ് നടത്തിയേക്കും. സംഭവത്തിന് പിന്നില് കൃത്യമായ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് കണ്ടെത്തല്.