കാസര്കോട് സ്വദേശിയായ 19കാരി മോഡലിനെ ഓടുന്ന കാറില് കൂട്ട ബലാത്സംഗം ചെയ്തെന്ന കേസില് എറണാകുളം എംജി റോഡിലെ അറ്റ്ലാന്റിസ് ജംക്ഷനിലുള്ള ബാര് ഹോട്ടല് കേന്ദ്രീകരിച്ചും അന്വേഷണം.
ഹോട്ടല് ലഹരിയിടപാടുകളുടെ കേന്ദ്രമാണെന്ന വിവരത്തെത്തുടര്ന്നാണ് ഇത് സ്ഥിരീകരിക്കാന് പോലീസും എക്സൈസും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
മദ്യം വിളമ്പാന് യുവതികളെ നിര്ത്തിയത് ഉള്പ്പെടെ ഹോട്ടലിനെതിരെ ആറു കേസുകളാണ് ഒരു വര്ഷത്തിനിടെ റജിസ്റ്റര് ചെയ്തത്.
ബാറിന്റെ ഉദ്ഘാടനത്തിനാണു മദ്യം വിളമ്പാന് യുവതികളെ നിയോഗിച്ചത്. അനുവദനീയ സമയം കഴിഞ്ഞ് മദ്യം നല്കിയതിനും സ്റ്റോക്കിലെ പൊരുത്തക്കേടുകള്ക്കുമായിരുന്നു മറ്റു നടപടികള്.
തനിക്ക് നല്കിയ ബിയറില് എന്തോ കലര്ത്തിയതായി സംശയമുണ്ടെന്ന് അതിജീവിത മൊഴി നല്കിയിരുന്നു. അത് കുടിച്ചതോടെ ശരീരം പൂര്ണമായും തളര്ന്നതായും പെണ്കുട്ടി പറയുന്നു.
തുടര്ന്ന് ലഹരിമരുന്നിന്റെ സാന്നിധ്യം ഉറപ്പിക്കാന് വേണ്ടി റാപ്പിഡ് ടെസ്റ്റ് നടത്തിയെങ്കിലും ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്താന് കഴിഞ്ഞില്ല.
എന്നാല് ഈ പരിശോധനാഫലം പൂര്ണമായും വിശ്വാസത്തിലെടുക്കാന് കഴിയാത്തതിനാല് വിശദമായ പരിശോധനയ്ക്കായി സാംപിളുകള് ലാബിലേക്കയച്ചു.
പോലീസിന്റെ നിര്ദ്ദേശപ്രകാരം എക്സൈസ് വകുപ്പും ബാറില് പരിശോധന നടത്തി. പോലീസിന്റെ രേഖകള് പ്രകാരം യുവതിക്ക് 19 വയസ്സാണു പ്രായം.
23 വയസ്സിനു താഴെയുള്ളവര്ക്ക് മദ്യം നല്കാന് പാടില്ലെന്നാണ് നിയമം. എന്നാല് എക്സൈസ് ഉദ്യോഗസ്ഥര് നടത്തിയ പരിശോധനയില്, ബാറില് യുവതി നല്കിയ തിരിച്ചറിയല് രേഖ പ്രകാരം വയസ്സ് ഇരുപത്തിയഞ്ചാണ്.
പ്രായം സംബന്ധിച്ച് വ്യക്തത വരുത്തിയശേഷം കേസെടുക്കുന്നതുള്പ്പെടെയുള്ള നടപടികള് എക്സൈസ് സ്വീകരിക്കും. ബാറിലെ സിസിടിവികള് വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
അറസ്റ്റിലായ നാല് പ്രതികളെയും ഡിസംബര് മൂന്ന് വരെ റിമാന്ഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രതികളെ സൗത്ത് പോലീസ് കസ്റ്റഡിയില് വാങ്ങും.
തിങ്കളാഴ്ചതന്നെ കോടതിയില് ഇത് സംബന്ധിച്ച് അപേക്ഷ നല്കാനാണ് നീക്കം. കേസില് അതിജീവിതയുടെ സുഹൃത്തും മോഡലുമായ രാജസ്ഥാന് സ്വദേശിനി ഡിംപിള് ലാംബ (21), കൊടുങ്ങല്ലൂര് സ്വദേശികളായ വിവേക് സുധാകരന് (26), മേത്തല നിഥിന് മേഘനാഥന് (35), കാവില്കടവ് ടി.ആര്.സുധീപ് (34) എന്നിവരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.
ഡിജെ പാര്ട്ടിക്കു പോകാമെന്നു പറഞ്ഞു ഡിംപിള് ലാംബയാണു യുവതിയെ ബാറിലേക്കു കൂട്ടിക്കൊണ്ടുവന്നതെന്ന് അതിജീവിത മൊഴി നല്കിയിരുന്നു.