എടത്വ: 27ന് എടത്വ കോയിൽമുക്ക് സെന്റ് ജോസഫ് പള്ളി കൂദാശ ചെയ്യപ്പെടുന്പോൾ അഭിമാന നിറവിലാണ് ഷൈൻ ജോസഫ് മായിറപ്പള്ളിൽ എന്ന ചന്പക്കുളംകാരൻ.
ദേവാലയ നിർമാണത്തിൽ രജതജൂബിലി നിറവിലെത്തിയിരിക്കുകയാണ് അദ്ദേഹം. കേരളത്തിന് അകത്തും പുറത്തുമായി ഷൈൻ രൂപകല്പ്ന ചെയ്തു പടുത്തുയർത്തിയ 25-മത്തെ പള്ളിയാണ് കോയിൽമുക്കിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കൂദാശ ചെയ്യുന്നത്.
1993ൽ തുടക്കം
1993ൽ കെട്ടിടനിർമാണരംഗത്തു വന്ന ഷൈൻ 2004ൽ ചമ്പക്കുളം മണപ്രാ സെന്റ് ജോസഫ് ചാപ്പലിന്റെ നിർമാണം നിർവഹിച്ചാണ് പള്ളി നിർമാണ രംഗത്തേക്കുവന്നത്. ദൈവാനുഗ്രഹമാണ് ഇക്കാലമത്രയും നയിച്ചതെന്നാണ് ഈ അന്പതുകാരൻ വിശ്വസിക്കുന്നത്.
റോമൻ ശൈലിയും ഗോത്തിക് നിർമാണ ശൈലിയും സ്വീകരിച്ച് കലാരൂപങ്ങളും ചിത്രപ്പണികളും പുനരാവിഷ്കരിക്കാൻ ശ്രദ്ധിക്കാറുണ്ട്. വർഷങ്ങളായി ദേവാലയ നിർമാണരംഗത്തു പ്രവർത്തിച്ചു പരിചയമുള്ള തൊഴിലാളികളും കലാകാരന്മാരും ഒപ്പമുള്ളതാണ് ഇദ്ദേഹത്തിന്റെ ശക്തി. കുട്ടനാട്ടിൽ മാത്രം 13 ദേവാലയങ്ങൾ നിർമിച്ചു.
കോക്കമംഗലം
മാർത്തോമ്മ ശ്ലീഹയാൽ സ്ഥാപിതമായ കോക്കമംഗലം പള്ളി പുതുക്കി പണിയാൻ കഴിഞ്ഞതു വലിയ ഭാഗ്യമായിട്ടാണ് ഇദ്ദേഹം കരുതുന്നത്.
ചങ്ങനാശേരി അതിരൂപതയിലെ പുരാതന പള്ളികളിൽ ഒന്നായ പുറക്കാട് മാർ സ്ലീവാ പള്ളി, തോമാശ്ലീഹയുടെ പാരമ്പര്യം പേറുന്ന കൊല്ലം സെന്റ് തോമസ്, തെക്കൻ മിഷനിലെ വിഴിഞ്ഞം സെന്റ് പീറ്റർ, പാലാ രൂപതയിലെ ചിറ്റാർ സെന്റ് ജോർജ് പള്ളി, ആലപ്പുഴ രൂപതയിലെ ഏറ്റവും വലിയ പള്ളിയായ പുന്നപ്ര സെന്റ് ജോസഫ് പള്ളി, തമിഴ്നാട് പരേക്കോട് ക്രിസ്തുരാജ പള്ളി, പഞ്ചാബിൽ ചണ്ഡീഗഡിന് സമീപം നമ്പാസാഹിബിലെ തിരുക്കുടുംബ ദേവാലയം തുടങ്ങിയവ ഇദ്ദേഹം രൂപകല്പന നടത്തി നിർമിച്ചിട്ടുള്ളവയാണ്.
നിരവധി സ്കൂൾ കെട്ടിടങ്ങളും നൂറിലധികം വീടുകളും ഇതിനകം നിർമിച്ചിട്ടുള്ള ഇദ്ദേഹം ദേവാലയ നിർമാണത്തിനാണ് മുൻഗണന നൽകുന്നത്. പ്രളയാനന്തര കുട്ടനാടിന്റെ സാഹചര്യങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞുള്ള നിർമാണ രീതിയാണ് കോയിൽ മുക്ക് സെന്റ് ജോസഫ് പള്ളി നിർമിതിയിൽ സ്വീകരിച്ചത്.
ചമ്പക്കുളം ബസിലിക്ക സൺഡേസ്കൂൾ ഹെഡ്മാസ്റ്ററായും ജീവകാരുണ്യരംഗത്തും സജീവമാണ്. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്.
ചമ്പക്കുളം കേന്ദ്രമാക്കി 2000ൽ ആരംഭമിട്ട എക്സൽ ബിൽഡേഴ്സ് എന്ന പേരിലാണ് നിർമാണങ്ങൾ.ഭാര്യ സിനി ഒാഫീസ് നിർവഹണവുമായി ഒപ്പമുണ്ട്. വിദ്യാർഥികളായ നേഹ, നിയ, നിവ്യ എന്നിവർ മക്കൾ.
തയാറാക്കിയത്: ആന്റണി
ആറിൽചിറ, ചമ്പക്കുളം.