ബാങ്കോക്ക്: തായ്ലൻഡിൽ ഗുഹയ്ക്കുള്ളിൽ അകപ്പെട്ട 12 കുട്ടികളെയും അവരുടെ കോച്ചിനെയും കണ്ടെത്തിയെങ്കിലും ഗുഹയിൽനിന്ന് പുറംലോകത്ത് എത്തിക്കൽ വൈകുമെന്ന് രക്ഷാപ്രവർത്തകർ.
ഗുഹയിലെ പാറയിൽ അഭയം തേടിയ ഫുട്ബോൾ കളിക്കാരായ കുട്ടികളുടെയും കോച്ചിന്റെയും ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ രക്ഷാപ്രവർത്തകർ ഒരുക്കിയിട്ടുണ്ട്.
ഗുഹയിലെ പാതകളിൽ മുഴുവൻ നല്ല വെള്ളമുണ്ട്. ഒന്നുകിൽ വെള്ളം താഴണം. അല്ലെങ്കിൽ വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് രക്ഷപ്പെടാനുള്ള പരിശീലനം കുട്ടികൾക്കും കോച്ചിനും നൽ കണം. ഇതൊക്കെ പ്രായോഗികമാകാൻ അല്പം കാലതാമസം നേരിടും.
ജലം താഴാനായി കാത്തിരിക്കേണ്ടി വന്നാൽ നാലു മാസമെങ്കിലും പുറത്തുനിന്ന് ഭക്ഷണവും മരുന്നും മറ്റും എത്തിക്കേണ്ടതായി വരും. മഴക്കാലത്ത് സാധാരണ നിറയാറുള്ള ഗുഹ സെപ്റ്റംബർ, ഒക്ടോബർ മാസം വരെ വെള്ളപ്പൊക്കത്തിലായി രിക്കും.
ഈ സാഹചര്യത്തിൽ ചെളിനിറഞ്ഞതും തമ്മിൽ കാണാനാകാത്ത വിധത്തിൽ വെള്ളം നിറഞ്ഞതുമായ ഗുഹാവഴികളിലൂടെ മുങ്ങിനീന്തിയെത്താൻ കുട്ടികളെയും കോച്ചിനെയും പരിശീലിപ്പിക്കുകയെന്നത് ബുദ്ധിമുട്ടാകും. ഗുഹയിൽ നിറഞ്ഞ വെള്ളം പന്പു ചെയ്തു കളഞ്ഞ് ജലപരിധി താഴ്ത്താനുളള ശ്രമങ്ങൾ വിജയം കാണുന്നുമില്ല.
ഗുഹയിൽ അകപ്പെട്ടവരുടെ രക്ഷയ്ക്കായി കഴിഞ്ഞ ദിവസ ങ്ങളിലെല്ലാം ലോകം മുഴുവൻ പ്രാർഥനയിലായിരുന്നു. ഒടുവിൽ ഇന്നലെ രാത്രി ഒൻപതോടെയാണ് ആശ്വാസ വാർത്തയെത്തിയത്. രക്ഷാപ്രവർത്തകർ ആദ്യമുതലേ കരുതിയിരുന്നതു പോലെ 13 പേരും ഗുഹയ്ക്കുള്ളിൽ ‘പട്ടായ ബീച്ച്’ എന്നറിയപ്പെടുന്ന അറയ്ക്കുള്ളിലായിരുന്നു.
കനത്തമഴയിൽ ഗുഹയ്ക്കുള്ളിലേക്ക് ഇരച്ചെത്തിയ പ്രളയജലത്തിൽനിന്നു രക്ഷപ്പെടാൻ പട്ടായബീച്ചിലെ പാറക്കല്ലിനു മുകളിൽ അഭയം തേടിയിരിക്കുകയായിരുന്നു കുട്ടികളും കോച്ചും. 11ഉം16ഉം പ്രായക്കാരാണു കുട്ടികളെല്ലാവരും. ഇരുപത്തഞ്ചുകാരനാണു കോച്ച്.
കഴിഞ്ഞ മാസം 23നാണ് 12 കുട്ടികളും കോച്ചും ഉത്തര തായ്ലൻഡിലെ താം ലുവാങ് ഗുഹയ്ക്കുള്ളിൽ അകപ്പെട്ടത്. ഇവർ ഗുഹയിൽ കയറിയശേഷം കനത്തമഴയിൽ ഗുഹാമുഖം അടഞ്ഞതോടെ പുറത്തേക്കു വരാൻ കഴിയാതെയായി.
ഉള്ളിൽ വെള്ളം പൊങ്ങിയതനുസരിച്ചു കുട്ടികൾ ഗുഹയുടെ കൂടുതൽ ഉള്ളിലേക്കു പോയി. അതോടെ പുറത്തുവരാനുള്ള സാധ്യതകൾ തീർത്തും ഇല്ലാതാവുകയായിരുന്നു. രക്ഷാദൗത്യം അതീവ ക്ലേശകരമായിരുന്നു. 1000 തായ് സൈനികരോടൊപ്പം യുഎസ്, ചൈന, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ, താൽക്കാലിക ഹെലിപ്പാഡിൽ സർവസജ്ജമായ കോപ്റ്ററുകൾ, എന്തിനും തയാറായ മെഡിക്കൽ സംഘം, മാധ്യമപ്രവർത്തകർ ഇവരെല്ലാം ഉത്തര തായ്ലൻഡിലെ വിദൂര ഗ്രാമത്തിലെ താം ലുവാങ് ഗുഹാമുഖത്ത് ദിവസങ്ങളോളം കാത്തുനിന്നു.
ഒപ്പം, ഉള്ളിലകപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും സഹപാഠികളും ബുദ്ധസന്യാസികളും. ഇവരുടെ പ്രാർഥനകൾക്കും പരിശ്രമങ്ങൾക്കുമൊടുവിലാണ് പത്താം ദിനം കുട്ടികളും കോ ച്ചും സുരക്ഷിതരാണെന്ന വാർത്ത പുറംലോകത്ത് എത്തിച്ചത്.
അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളോടു മല്ലിട്ടായിരുന്നു രക്ഷാപ്രവർത്തനം. 10 കിലോമീറ്ററുള്ള ഗുഹയിലെ ഇടുങ്ങിയ പാറയിടുക്കുകൾ താണ്ടുക ശ്രമകരമായിരുന്നു. അതിനുപുറമേയായിരുന്നു വെള്ളക്കെട്ടും ചെളിക്കുണ്ടും കൂരിരുട്ടും. തായ്ലൻഡ് നാവികസേനയിലെ നീന്തൽ വിദഗ്ധർ അകത്തേക്കെത്തിയത് അതീവ ദുർഘടമായ ഈ വഴിപിന്നിട്ടാണ്. ഗുഹയുടെ അഞ്ചു കിലോമീറ്ററോളം ഉള്ളിലാണു കുട്ടികളെ കണ്ടെത്തിയത്.