1993 മുംബൈ സ്ഫോടന പരന്പരയിലെ പ്രധാന പ്രതികളിൽ ഒരാളും ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയുമായിരുന്നു ടൈഗർ മേമൻ. ഇയാൾ എവിടെയാണെന്നതിൽ ആർക്കും വ്യക്തതയില്ല.
ഏതോ അജ്ഞാത കേന്ദ്രത്തിൽ ഇയാൾ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ദാവൂദ് ഇബ്രാഹിമിനെപ്പോലെ പാക്കിസ്ഥാനിൽ തന്നെ അയാളും ഒളിവിൽ കഴിയുകയാണെന്നാണ് ലഭ്യമായ വിവരം.
ഒളിവിൽ കഴിയുന്പോഴും ദുബായ് കേന്ദ്രമായും മറ്റും പല ബിസിനസുകളും ഇയാൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ദുബായിൽ ഇയാൾക്കു ഹോട്ടലുകൾ ഉള്ളതായും കരുതപ്പെടുന്നു.
പല രാജ്യങ്ങളിലേക്കും പല ബിസിനസുകളുടെ മറവിൽ മയക്കുമരുന്നു കയറ്റി അയയ്ക്കുകയും ചെയ്യുന്നുണ്ടെന്നാണ് ആരോപണം.
ആരാണ് ടൈഗർ മേമൻ
ഇബ്രാഹിം മുഷ്താഖ് അബ്ദുൽ റസാഖ് മേമൻ എന്നാണ് യഥാർഥ പേര്. 1960 നവംബർ 24ന് മുംബൈയിലാണ് ജനനം. ഷഹാന ഇബ്രാഹിം ഭാര്യ. മൂന്നു മക്കൾ.
1993 മുംബൈ സ്ഫോടന പരന്പരയിലെ തലച്ചോർ ഇയാൾ ആയിരുന്നെന്നാണ് കരുതപ്പെടുന്നത്. ബാബരി മസ്ജിദ് തകർച്ചയ്ക്കു ശേഷം തിരിച്ചടി എന്ന നിലയിൽ പാക്കിസ്ഥാൻ ചാരസംഘടന ഐഎസ്ഐയുടെ രഹസ്യ പിന്തുണയോടെ ആസൂത്രണം ചെയ്ത മുബൈ സ്ഫോടന പരന്പരയിൽ ടൈഗർ മേമനു വലിയ പങ്കാണുള്ളത്.
ഇന്ത്യ വിറച്ച സ്ഫോടനത്തിൽ 257 പേർ കൊല്ലപ്പെട്ടു. 713 പേർക്കു പരിക്കേറ്റു. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടവുമുണ്ടായി. സ്ഫോടന പരന്പരയുടെ പ്രധാന ആസൂത്രകനാണ് ടൈഗർ മേമൻ. ദാവൂദ് ഇബ്രാഹിമിനെ തീവ്രവാദ വഴിയിലേക്കു നടത്തിയതു ടൈഗർ മേമനാണെന്നും കരുതുന്നു.
ടൈഗർ വന്ന വഴി
ദാവൂദ് ഇബ്രാഹിമിനുവേണ്ടി മുംബൈയിൽ എത്തുന്ന ആയുധങ്ങളും മയക്കുമരുന്നും അനധികൃത പണവുമെല്ലാം കടത്താൻ അസാമാന്യ ധൈര്യം ഇയാൾ കാട്ടിയിരുന്നു.
പട്ടാപ്പകൽ റോഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ചു പോലീസിനെയും കസ്റ്റംസിനെയുമൊക്കെ വെട്ടിച്ചു രക്ഷപ്പെടാൻ ഇയാൾക്കു പ്രത്യേക കഴിവുണ്ടായിരുന്നു.
ഈ സാഹസിക രീതികളാണ് അയാൾക്കു ടൈഗർ എന്ന പേര് സന്പാദിച്ചു നൽകിയത്. 1989ൽ കസ്റ്റംസ് ഓഫീസർമാർ ഇയാളുടെ വീട് റെയ്ഡ് ചെയ്തിരുന്നു.
അന്നു നിരവധി സ്വർണ ബാറുകൾ കണ്ടെത്തി. ഇവ പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഓഫീസറുടെ മുഖത്തു തല കൊണ്ടിടിച്ചിട്ട് ഇയാൾ രക്ഷപ്പെട്ടു. ഓഫീസറുടെ മൂക്കു പൊട്ടി രക്തം വന്നു.
ഈ സംഭവം അധോലോകത്തിൽ ടൈഗറിനു വലിയ പേരുണ്ടാക്കി. ടൈഗർ മേമന്റെ തീവ്രവാദ പ്രവർത്തനങ്ങളുടെ ചിത്രീകരണം 2004ലെ ബ്ലാക്ക് ഫ്രൈഡേ എന്ന സിനിമയുടെ ഒരു പ്രധാന ഭാഗമായിരുന്നു.
ആ ഫോൺകോൾ
സഹോദരനും മുംബൈ സ്ഫോടന പരന്പരയിലെ മറ്റൊരു പ്രധാന പ്രതിയുമായ യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിനു ഒന്നര മണിക്കൂർ മുന്പ് മുംബൈയിലുള്ള കുടുംബ വീട്ടിലേക്കു ടൈഗർ മേമൻ വിളിച്ചിരുന്നു.
ഈ കോൾ എവിടെനിന്നാണെന്നു കണ്ടെത്താനായില്ല. വെറും മൂന്നു മിനിറ്റ് മാത്രമായിരുന്നു സംസാരം നീണ്ടത്. വധശിക്ഷയിൽ ദുഃഖം രേഖപ്പെടുത്താനല്ല ഫോൺ വിളിച്ചത്, പ്രതികാരം ചെയ്യുമെന്ന വാഗ്ദാനമാണ് ടൈഗർ നടത്തിയത്.
യാക്കൂബ് മേമനെ തൂക്കിക്കൊല്ലുന്നതിനു പ്രതികാരം ചെയ്യുമെന്ന് ഈ സംഭാഷണത്തിൽ ടൈഗർ മേമൻ അമ്മയോടു പറഞ്ഞതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
എന്നാൽ, അക്രമം നിർത്തണമെന്ന് അമ്മ മകനോട് ആവശ്യപ്പെട്ടു. ശബ്ദം ടൈഗർ മേമന്റേതെന്നു തന്നെയാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി.
എന്നാൽ, ഇന്റർനെറ്റ് കോൾ ആയതിനാൽ എവിടെനിന്നാണ് അയാൾ വിളിച്ചതെന്നു കണ്ടെത്താനായില്ല. ടൈഗർ മേമൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നു തന്നെയാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
തയാറാക്കിയത്: എൻ.എം