കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിനെതിരേ വിമെൻ ഇൻ സിനിമ കളക്ടീവിലെ (ഡബ്ല്യുസിസി) നടിമാർ നടത്തിയ നീക്കത്തിൽ നാണംകെട്ട് അമ്മ. ഭരണ പ്രതിപക്ഷ പാർട്ടികളിൽനിന്ന് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽനിന്നു വിമർശനം ശക്തമായതോടെ തീരുമാനം അമ്മ പുനഃപരിശോധിക്കുമെന്നാണു ലഭിക്കുന്ന വിവരം.
അമ്മയിൽനിന്നു രാജിവച്ച നാലു നടിമാർക്കു പിന്തുണയുമായി സിപിഎം മന്ത്രിമാരടക്കമുള്ളവർ രംഗത്തെത്തിയതാണു താര സംഘനയെ സമ്മർദത്തിലാക്കിയത്. അമ്മ ഭാരവാഹികളായ ചില ഉന്നതരുടെ ഇടപെടലുകളിലൂടെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാമെന്ന കണക്കുകൂട്ടലുകൾ ചില മന്ത്രിമാരുടെ രംഗപ്രവേശനത്തോടെ ഇല്ലാതാകുകയായിരുന്നു.
കൂടാതെ, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അമ്മ പ്രസിഡന്റ് മോഹൻലാലിനെതിരേ വരെ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണു നടിമാർ ഉയർത്തിയ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന തീരുമാനത്തിലേക്ക് സംഘടന എത്തിയത്. ദിലീപിനെ തിരിച്ചെടുത്തതു തങ്ങളുടെ കുടുംബകാര്യമെന്നായിരുന്നു ചില അമ്മ ഭാരവാഹികളുടെ നിലപാട്.
ഇതിനെതിരേ സോഷ്യൽ മീഡിയയിലയടക്കം വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇത്തരത്തിൽ നിലപാട് സ്വീകരിച്ച അമ്മ ഭാരവാഹിയുടെ കുടുംബത്തെ വരെ ട്രോളർമാർ വെറുതേവിട്ടിരുന്നില്ല. ഇതിനിടെ തീരുമാനം പുനഃപരിശോധിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യമുന്നയിച്ച് കൂടുതൽ നടിമാർ രംഗത്തെത്തിയതും സംഘടനയെ പ്രതിരോധത്തിലാക്കിയിരുന്നു.
കാര്യങ്ങൾ ചർച്ച ചെയ്യാൻ ജൂലൈ 13നോ 14നോ പ്രത്യേക യോഗം വിളിക്കണമെന്നാണ് നടിമാരായ രേവതി, പത്മപ്രിയ, പാർവതി എന്നിവരുടെ ആവശ്യം. ദിലീപ് വിഷയത്തിൽ അമ്മ നിശബ്ദത തുടരുന്നതിനിടെയായിരുന്നു ഇവരടക്കം രംഗത്തെത്തിയത്. രാജിവച്ച നടിമാർക്കു പിന്തുണയുമായി നടൻ പൃഥ്വിരാജും രംഗത്തെത്തിയതോടെ കൂടുതൽ പ്രതിരോധത്തിലായ അമ്മ ചർച്ചയ്ക്ക് തയാറാകുകയായിരുന്നു.
അമ്മയിലെ വിവാദങ്ങൾ ചർച്ച ചെയ്യുന്നതിന് ഉടൻ എക്സിക്യൂട്ടിവ് യോഗം ചേരുമെന്നാണു അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അറയിച്ചിട്ടുള്ളത്. അമ്മയിൽനിന്നു രാജിവച്ച നടിമാർ ശത്രുക്കളല്ലെന്നും യോഗത്തിൽ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ചർച്ച ചെയ്യുമെന്നുമാണ് അദ്ദേഹം ഇന്നലെ വ്യക്തമാക്കിയത്. ഇതിനിടെ, കേസിൽ നിരപരാധിത്വം തെളിയിക്കപ്പെടുംവരെ താൻ അമ്മയിലേക്കില്ലെന്നു ചൂണ്ടിക്കാട്ടി ദിലീപ് അമ്മ ജനറൽ സെക്രട്ടറിക്കു കത്തയച്ചിരുന്നു.
ഈ കത്തും ഡബ്ല്യുസിസി അംഗങ്ങൾ നൽകിയ കത്തും യോഗത്തിൽ ചർച്ചചെയ്യും. വിദേശത്തുള്ള അമ്മ പ്രസിഡന്റ് മോഹൻ ലാൽ കേരളത്തിൽ തിരിച്ചെത്തിയശേഷം ജൂലൈ പത്ത് കഴിഞ്ഞാകും യോഗം ചേരുക. യോഗത്തിലേക്കഒ ഡബ്ല്യുസിസി പ്രതിനിധികളെയും ക്ഷണിച്ചേക്കുമെന്നാണു സൂചന.