ലക്നോ: കർണാടക തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും താനും തമ്മിൽ വിവാഹിതാരാകുന്നുവെന്ന വ്യാജവാർത്ത സോഷ്യൽ മീഡിയയൽ പ്രചരിപ്പിച്ചതെന്ന് റായ്ബറേലി എംഎൽഎ അദിതി സിംഗ്. കോണ്ഗ്രസ് നേതൃത്വത്തെ തകർക്കാനും പ്രവർത്തകവരെ ചിതറിക്കാനുമാണ് വ്യാജ വാർത്തയുണ്ടാക്കിയത്.
ഇതിന്റെ പിന്നിലാരാണെന്ന് എല്ലാവർക്കുമറിയാമെന്നും അദിതി സിംഗ് പറഞ്ഞു. രാഹുൽ തനിക്കു സഹോദരതുല്യനാണെന്നും ഇത്തരം വാർത്തകൾ സമൂഹമാധ്യമങ്ങൾ വഴി പരന്നതിൽ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു.അദിതിയുടെയും രാഹുലിന്റെയും ചിത്രങ്ങൾ ഉൾപ്പെടെയാണ് അഭ്യൂഹങ്ങൾ പരന്നത്.
ഇരുവരും തമ്മിലുള്ള വിവാഹം മേയ് മാസത്തിൽ തന്നെ നടക്കുമെന്നായിരുന്നു പ്രചാരണം. അദിതി പ്രിയങ്ക ഗാന്ധിയുടെ സുഹൃത്താണെന്നുള്ളതും അഭ്യൂഹങ്ങളുടെ വ്യാപ്തി കൂട്ടി. സോണിയ ഗാന്ധിയുടെ ഒപ്പം അദിതി ഇരിക്കുന്ന ചിത്രങ്ങൾ കൂടി പ്രചരിച്ചതോടെ പലരും വിശ്വസിച്ചു.
ഗാന്ധി കുടുംബവും തന്റെ കുടുംബവുമായുള്ള ബന്ധം പതിറ്റാണ്ടുകളായുള്ളതാണെന്നും അടുത്തയിടെ സോണിയ ഗാന്ധിയെ കണ്ടപ്പോൾ എടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്നും അദിതി വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റായ്ബറേലിയിൽനിന്നു കന്നിയങ്കത്തിൽ അദിതി വിജയിച്ചത്. ഇരുപത്തൊന്പതു കാരിയായ അദിതി അമേരിക്കയിലെ ഡ്യൂക്ക് സർവകലാശാലയിൽനിന്ന് മാനേജ്മെൻറ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. ഇതേ മണ്ഡലത്തിൽനിന്ന് അഞ്ച് തവണ എംഎൽഎ ആയിട്ടുള്ള അഖിലേഷ് സിംഗിന്റെ മകളാണ് അദിതി.