ചാലക്കുടി: ചാലക്കുടി നോർത്ത് ജംഗ്ഷനിലെ ഇടശേരി ജ്വല്ലറിയിൽനിന്നു കൊള്ളയടിച്ച ആഭരണങ്ങളിലെ 100 പവൻ സ്വർണം ബിഹാറിലെ ജ്വല്ലറിയിൽനിന്ന് കണ്ടെടുത്തു. കത്തിഹാർ ജില്ലയിലുള്ള ശിവാമന്ദിർ ചൗക്കിലെ ജ്വല്ലറിയിൽ വിൽക്കാൻ ഏല്പിച്ചിരുന്നതാണ് ഈ സ്വർണം.
ഒപ്പം രണ്ടു ലക്ഷം രൂപയും കില്ലർ അമീറിന്റെ പിയാർ പുരിലുള്ള വീട്ടിൽനിന്ന് ഒരു മാലയും ചാലക്കുടി ഡിവൈഎസ്പി സി.എസ്.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. കൊള്ളസംഘമായ ഉദുവ ഹോളിഡേ റോബേഴ്സുമായി ജാർഖണ്ഡ്, ബീഹാർ, ബംഗാൾ സംസ്ഥാനങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയത്.
കഴിഞ്ഞ ജനുവരി 27ന് രാത്രിയിലാണ് ചാലക്കുടി ടൗണിലെ ഇ.ടി.ദേവസി ആൻഡ് സണ്‍സ് ഇടശേരി ജ്വല്ലറിയിൽ മോഷണം നടന്നത്. 13 കിലോ സ്വർണവും അഞ്ചു ലക്ഷം രൂപയും ഇവർ കൊള്ളയടിച്ചിരുന്നു. ജാർഖണ്ഡിലെ സാഹിബ് ഗഞ്ച് ജില്ലയിലെ പിയാർപൂർ നിവാസികളായ ഉദുവ ഹോളിഡേ റോബേഴ്സ് കൊള്ള സംഘമാണ് ഈ കവർച്ചക്ക് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമാവുകയായിരുന്നു.
അറസ്റ്റിലായ കവർച്ചാസംഘത്തലവൻ അശോക് ബാരിക്കുമായി ജാർഖണ്ഡിലേക്ക് തിരിച്ച അന്വേഷണ സംഘം പല സ്ഥലങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിൽ ശിവ് മന്ദിർ ചൗക്കിലെ ജ്വല്ലറിയിൽനിന്ന് 800 ഗ്രാം സ്വർണവും, വിറ്റുകിട്ടിയ രണ്ടുലക്ഷം രൂപയും കണ്ടെടുത്തു.
ബീഹാറിലെ സാഹിബ് ഗഞ്ചിൽ നിന്നും ഗംഗാനദി വഴിമാറിയൊഴുകുന്ന പാടങ്ങളിലൂടെ 18 കിലോമീറ്റർ സഞ്ചരിച്ചാണ് ശിവ്മന്ദിർ ചൗക്കിലെത്തിയത്. ജാർഖണ്ഡിലെ ഗരംഘട്ട് എന്ന ഗ്രാമത്തിൽ നിന്നും 15 കിലോമീറ്ററോളം ചങ്ങാടത്തിൽ സഞ്ചരിച്ചാണ് ബിഹാറിലെ മണിഹാരി എന്ന ഗ്രാമത്തിലെത്തിയത്. മണിഹാരിയിൽനിന്നും റോഡുമാർഗം കത്തിഹാറിലെത്തി. സാധാരണ ഉത്തരേന്ത്യൻ കൊള്ള സംഘങ്ങൾ കവർച്ച നടത്തുന്ന സ്വർണം ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലേക്ക് കടത്തുകയും പോലീസിന് സ്വർണം കണ്ടെത്തുവാൻ സാധിക്കാതെ വരികയുമാണ് പതിവ്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ ചാലക്കുടി ഡിവൈഎസ്പി സി.എസ്.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ചാലക്കുടി എസ്ഐ ജയേഷ് ബാലൻ, ജില്ലാ ക്രൈംബ്രാഞ്ച് എഎസ്ഐ കെ.എ.മുഹമ്മദ് അഷറഫ്, ക്രൈം സ്ക്വാഡംഗങ്ങളായ എസ്ഐ വി.എസ്.വൽസകുമാർ, സതീശൻ മടപ്പാട്ടിൽ, സി.എ.ജോബ്, റോയ് പൗലോസ്, പി.എം.മൂസ, അജിത് കുമാർ, വി.യു.സിൽജോ, ഷിജോ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തി കളവു മുതലുകൾ കണ്ടെടുത്തത്.
സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ ജില്ലാ ക്രൈം ബ്രാഞ്ച് എസ്ഐ എം.പി. മുഹമ്മദ് റാഫി, അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ എഎസ്ഐമാരായ കെ.ജെ.ജോണ്സൻ, ടി.സി.ജോഷി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.രാകേഷ്, സി.ആർ.പ്രദീപ്, പി.പി.ജയകൃഷ്ണൻ, പി.സുദേവ്, ടി.ജി.മനോജ്, വിനോദ് ശങ്കർ, വി.എസ്. ശ്രീകുമാർ, എ.യു.റെജി, രാജേഷ് ചന്ദ്രൻ, സഹദേവൻ, സൈബർ സെൽ ടീമംഗങ്ങളായ ചെന്നൈ സിബിസിഐഡി എസ്ഐ ശാസ്ത, എഎസ്ഐ മനോജ്, സിവിൽ പോലീസ് ഓഫീസർമാരായ കെ.ജെ.ബിനു, ജിതിൻ ജോയ് എന്നിവരുമുണ്ടായിരുന്നു.
മുന്‍പ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ ചാലക്കുടിയിൽ കവർച്ചക്കായി ഉപയോഗിച്ച പിസ്റ്റളും ഏഴു ലക്ഷം രൂപയും രണ്ടു മാലകളും കണ്ടെടുത്തിരുന്നു. ഉദുവ ഹോളിഡേ റോബേഴ്സ് കൊള്ളസംഘാംഗങ്ങൾ ഡൽഹി, മുംബൈ, കാണ്‍പൂർ, തമിഴ്നാട്ടിലെ തിരുനെൽവേലി എന്നിവിടങ്ങളിലെ ജ്വല്ലറികളും കൊള്ളയടിച്ചിട്ടുണ്ട്. ഈ സംഘംതന്നെയാണ് സിനിമാതാരം ഹേമമാലിനിയുടെ ആഭരണങ്ങൾ കവർന്നത്.