ചങ്ങനാശേരി: കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി പോലീസ് സ്റ്റേഷനു സമീപമുള്ള കടത്തിണ്ണയിൽ കിടന്നുറങ്ങിയ ഗോപി(65)യെയാണു തലക്കടിയേറ്റ് രക്തം വാർന്നൊഴുകി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നു രാവിലെ നാട്ടുകാരാണു മൃതദേഹം കണ്ടെത്തിയത്. തുടർന്നു ചങ്ങനാശേരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇയാളുടെ മൃതദേഹത്തിന് അരികിൽ നിന്നു ഇഷ്്ടികയും കണ്ടെടുത്തിട്ടുണ്ട്. ചങ്ങനാശേരി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കൊലക്കേസ് പ്രതികൾ അടക്കം മൂന്നു പേരെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചങ്ങനാശേരി നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ജോലികൾ ചെയ്തു നടന്നിരുന്നയാളാണു ഗോപി. ഫിംഗർപ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.