ന്യൂഡൽഹി: രാഷ്ട്രീയ പ്രഖ്യാപനങ്ങളും തൂത്തുക്കുടി വിവാദവും കാലായെ തിരിച്ചടിച്ചോ അങ്ങനെ സംഭവിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സമീപകാലങ്ങളിൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രങ്ങളിൽ ഏറ്റവും കുറഞ്ഞ ആദ്യദിന കളക്ഷൻ കാലായ്ക്കാണെന്നാണു റിപ്പോർട്ടുകൾ. കളക്ഷന്റെ കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല.
ആഗോളവ്യാപകമായി 2000 സ്ക്രീനുകളിലാണ് കാലാ റിലീസ് ചെയ്തത്. സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും കാവേരി വിഷയത്തിൽ ഇടഞ്ഞുനിന്ന കർണാടകയിലെ മിക്ക തിയറ്ററുകളും ചിത്രം പ്രദർശിപ്പിക്കാൻ തയാറായിട്ടില്ല. ഇതാണ് കാലായുടെ കളക്ഷനു തിരിച്ചടിയായതെന്നാണു സൂചന.
അതേസമയം, ആദ്യദിന കളക്ഷൻകൊണ്ടു മാത്രമായി ചിത്രത്തെ അളക്കരുതെന്ന് തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിൽ പ്രസിഡന്റും നടനുമായ വിശാൽ പറഞ്ഞു.
പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ധനുഷാണ്. കാലായ്ക്കെതിരെ വലിയ പ്രതിഷേധമാണ് കർണാടകയിൽ നിലനിൽക്കുന്നത്. കാവേരി നദീജല തർക്കത്തിൽ കർണാടകയ്ക്കെതിരെ രജനീകാന്ത് നിലപാട് സ്വീകരിച്ചതിനാലാണു കാലാ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നു കന്നഡ സംഘടനകൾ പ്രഖ്യാപിച്ചത്.