കുമരകം: തിരുവാർപ്പിൽ നിന്നും ചൊവ്വാഴ്ച കാണാതായ 22കാരിയായ യുവതിയും മുറച്ചെറുക്കനും തൃശൂരിൽ വച്ചു വിവാഹിതരായതായി കുമരകം പോലീസിനു വിവരം ലഭിച്ചു. യുവതിയുടെ വിവാഹ നിശ്ചയം ഞായറാഴ്ച നടത്താൻ വീട്ടുകാർ തീരുമാനിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണു യുവതിയെ കാണാതായത്.
മകളെ കാണാനില്ലെന്നു കാണിച്ചു മാതാവ് കഴിഞ്ഞ ദിവസം കുമരകം പോലീസിൽ പരാതി നല്കിയിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ യുവതി മുറച്ചെറുക്കനൊപ്പം പ്രണയത്തിലായിരുന്നുവെന്നും ഇയാളും സ്ഥലത്തില്ലെന്നും വിവരം ലഭിച്ചു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണു യുവാവിനൊപ്പം യുവതി തൃശൂരിലുണ്ടെന്നും ഏതാനും ബന്ധുക്കളുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചു വിവാഹം നടത്തിയെന്നും മനസിലായത്. അവിടെ പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്തശേഷം ഇന്നു വൈകുന്നേരത്തോടെ തിരുവാർപ്പിൽ തിരിച്ചെത്തുമെന്നും പോലീസ് പറഞ്ഞു.