ബർലിൻ: ജർമനിയിലെ ഹെൽത്ത് മേഖലയിലെ നഴ്സുമാരുടെ അപര്യാപ്ത തുറന്നു പറഞ്ഞ് വെസ്റ്റ് ഫാളിയ ആരോഗ്യമന്ത്രി കാൾ ജോസഫ് ലൗമാൻ(സിഡിയു). തന്റെ സംസ്ഥാനം മാത്രമല്ല രാജ്യമൊട്ടാകെ നഴ്സുമാരുടെ ദൗർലഭ്യം ഈ മേഖലയെ ആകെ പിടിച്ചു കുലുക്കിയെന്നും ആരോഗ്യപരിപാലനത്തിന്റെ വിശ്വാസ്യതയെ തന്നെ തകർക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.
ആശുപത്രികളിൽ വേണ്ടത്ര നഴ്സുമാരും ഒപ്പം ഡോക്ടർമാരും ഇല്ലെങ്കിൽ രോഗികൾ ആശുപത്രികൾ ഉപേക്ഷിയ്ക്കുക തന്നെ ചെയ്യുമെന്നാണ് സിഡിയുക്കാരനായ മന്ത്രിയുടെ പക്ഷം. അതിനുള്ള പുതിയ പദ്ധതി മെർക്കലിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ മുന്നണി കരാറനുസരിച്ച് നടപ്പാക്കുമെന്നും മന്ത്രി ലൗമാൻ പറഞ്ഞു.
ഡ്യൂയിസ്ബുർഗ് ഫാർനർ ആശുപത്രിയുടെ കീഴിലുള്ള നഴ്സിംഗ് സ്കൂൾ സന്ദർശിച്ച് അധികൃതരുമായി കൂടിക്കണ്ട ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മെർക്കലിന്റെ പാർട്ടിയായ സിഡിയുവാണ് വെസ്റ്റ് ഫാളിയ സംസ്ഥാനം ഭരിക്കുന്നത്.
നഴ്സിംഗ് ജോലിയിൽ താത്പര്യമില്ലാത്ത ജർമൻ ജനതയെ ഈ മേഖലയിലേയ്ക്ക് ആകർഷിക്കാൻ സർക്കാർ ആവും വിധം പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ നഴ്സിംഗ് പ്രഫഷനുകൾക്കായി രാജ്യം ലോകത്തിലെ മറ്റു രാജ്യങ്ങളെ ആശ്രയിക്കുകയാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് മെർക്കലിന്റെ പുതിയ മുന്നണി കരാറുണ്ടാക്കിയത്. യോഗ്യതയുള്ള 8,000 വിദേശ നഴ്സുമാർക്ക് അടിയന്തരമായി രാജ്യത്ത് ജോലി നൽകുമെന്ന് മെർക്കൽ കഴിഞ്ഞ മാസം ഒന്നിന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വൃദ്ധ സദനങ്ങൾ ഉൾപ്പടെ ഈ മേഖലയിൽ ഏതാണ്ട് ഒരു ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞു കിടപ്പുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനങ്ങൾ സൂചിപ്പിയ്ക്കുന്നത്.
നഴ്സിംഗ് ബിരുദവും ജർമൻ ഭാഷയിൽ ബി 2 (ആ 2) ഉം പാസായവരെയാണ് ജർമനി ഇപ്പോൾ മാടി വിളിക്കുന്നതെന്നു മന്ത്രി ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരുടെ വൻ കുടിയേറ്റം ഉണ്ടായെങ്കിൽ മാത്രമേ ജർമനിയുടെ നിസംഗതാവസ്ഥ മാറിക്കിട്ടുകയുള്ളുവെന്നും മന്ത്രി കൂട്ടിചേർത്തു. ജോലിക്കായി വിദേശ നഴ്സുമാർക്കുവേണ്ടി ജർമനിയുടെ വാതിൽ തുറന്നിടേണ്ട അവസ്ഥയാണ് രാജ്യത്തുണ്ടായതെന്നും മന്ത്രി പറഞ്ഞു.
തന്റെ സംസ്ഥാനത്ത് പ്രതിവർഷം 5,000 നഴ്സുമാർ വേണ്ടെന്നിരിക്കെ അത്രയും പേരെ കിട്ടാത്ത അവസ്ഥയാണുള്ളത്. ഇപ്പോഴും 2300 ഓളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് നികത്താനുള്ള ശ്രമത്തിലാണ് സർക്കാർ.
അത്യാവശ്യ പരിചരണം വേണ്ടുന്നവരുടെ ആവശ്യം ഓരോ വർഷവും മൂന്നു മുതൽ അഞ്ചു ശതമാനം വരെ കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ നഴ്സിംഗ് കോളജുകളോട് വിദ്യാർഥികളുടെ സീറ്റ് വർധിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 1.2 ദശലക്ഷം ജോലിക്കാർക്കായുള്ള ഒരു ലോബിയായി നഴ്സിംഗ് ചേംബർ സ്ഥാപിക്കാൻ ആലോചനയുണ്ടെന്നും മന്ത്രി ലൗമാൻ പറഞ്ഞു.
നിലവിൽ നഴ്സിംഗ് കോളജുകൾ 120 മുതൽ 270 വിദ്യാർഥികൾക്കാണ് നഴ്സിംഗ് പരിശീലനത്തിനായി പ്രവേശനം നൽകുക. ഇതിനു മാറ്റം വരുത്തി കൂടുതൽ കുട്ടികൾക്ക് പഠന സൗകര്യം ഉണ്ടാക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
നഴ്സിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കിയ, ജർമൻ ഭാഷയിൽ പരിജ്ഞാനമുള്ളവർ (ബി 2) എത്രയും വേഗം ജർമൻ കോണ്സുലേറ്റുമായി / എംബസിയുമായി ബന്ധപ്പെട്ട് അവശ്യം വേണ്ടുന്ന സർട്ടിഫിക്കറ്റുകൾ (ജോബ് ഓഫർ, നഴ്സിംഗ് യോഗ്യതയുടെ ട്രാൻസ്ലേറ്റ് ചെയ്ത അറ്റസ്റ്റഡ് കോപ്പി, ജർമൻ ഭാഷാ സർട്ടിഫിക്കറ്റ്) സഹിതം അപേക്ഷിക്കേണ്ടതാണ്.
(അപേക്ഷിയ്ക്കുന്നവരുടെ സർട്ടിക്കിക്കറ്റുകൾ ജർമൻ മധികൃതർ സൂക്ക്ഷ പരിശോധന നടത്തി അംഗീകാരം കിട്ടിയെങ്കിൽ മാത്രമേ വീസയും വർക്കു പെർമിറ്റും ലഭിക്കുകയുള്ളൂ. ഇതിനു മൂന്നു മുതൽ ആറു മാസം വരെ കാലതാമസം വേണ്ടിവരും. ജർമനിയിലേയ്ക്കു നഴ്സിംഗ് റിക്രൂട്ട്മെന്റിനായി ഒരു രാജ്യത്തും ഒരു ഏജൻസിയേയും ജർമൻ സർക്കാർ നിയോഗിച്ചിട്ടില്ല എന്ന കാര്യം കൂടി ഈയവസരത്തിൽ പ്രത്യേകം സൂചിപ്പിക്കുന്നു.
ദീപിക മുൻ പ്രസിദ്ധീകരിച്ച (ഡിസംബർ 2, 2013, ഡിസംബർ 20, 2017, ഫെബ്രുവരി 2, 2018) വാർത്തകളുടെ അടിസ്ഥാനത്തിൽ ഒട്ടനവധി മലയാളികൾ ഇതിനോടകം ജർമനിയിൽ നഴ്സിംഗ് ജോലിക്കായി എത്തിയിട്ടുണ്ട്. ഇങ്ങോട്ടേയ്ക്കു വരാനുള്ള മാർഗങ്ങൾ ആരാഞ്ഞ് നിരവധി ഫോണ് കോളുകളും ലേഖകനു ലഭിക്കുന്നുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ