നീറ്റ് പരീക്ഷയില്‍ നിരീക്ഷകനായെത്തിയ ആള്‍ക്കെതിരേ പരാതിയുമായി വിദ്യാര്‍ഥിനി. പാലക്കാട് ലയണ്‍സ് സ്കൂളില്‍ പരീക്ഷയെഴുതിയ പെണ്‍കുട്ടിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ- മെറ്റല്‍ ഹുക്ക് ഉള്ളതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചിരുന്നു.
പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പായി വിദ്യാര്‍ത്ഥികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ അടിവസ്ത്രത്തില്‍ മെറ്റല്‍ ഭാഗമുള്ളതായി സൂചിപ്പിച്ചതിനെ തുടര്‍ന്ന് ഡ്രസ് കോഡ് പാലിക്കാനായി വിദ്യാര്‍ത്ഥിനികള്‍ അടിവസ്ത്രം അഴിച്ചുവച്ചു.
ഇളംനിറമുള്ള വസ്ത്രം ധരിക്കണമെന്നും ഷാള്‍ ഉപയോഗിക്കരുതെന്നും ഡ്രസ് കോഡിലുണ്ട്. പരീക്ഷ എഴുതിക്കൊണ്ടിരുന്നപ്പോള്‍ നിരീക്ഷകനായെത്തിയ വ്യക്തി തന്റെ മാറിലേക്ക് തുറിച്ചു നോക്കി നിന്നെന്നും താന്‍ രൂക്ഷമായി നോക്കിയപ്പോഴും ഇയാള്‍ നോട്ടം മാറ്റിയില്ലെന്നും പെണ്‍കുട്ടി പറയുന്നു. ഒടുവില്‍ ചോദ്യപേപ്പര്‍ കൊണ്ട് തന്റെ മാറ് മറയ്ക്കേണ്ടിവന്നു.