പന്തളം: പന്തളം നഗരസഭയില്‍ എല്‍ഡിഎഫിനുണ്ടായ പരാജയം മാത്രമല്ല, ബിജെപിയെ ഭരണത്തിലേറാന്‍ സഹായിച്ച സാഹചര്യവും വിലയിരുത്തി സിപിഎം റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പു പരാജയത്തിന്റെ വിശദമായ റിപ്പോര്‍ട്ടിംഗ് ഇന്നലെ പന്തളം ഏരിയാ കമ്മിറ്റിയില്‍ നടന്നു. ബ്രാഞ്ച് സെക്രട്ടറിമാരെ അടക്കം മാറ്റി അടിമുടി ശുദ്ധികലശത്തിനൊരുങ്ങുകയാണ് പന്തളത്തെ സിപിഎം.
കഴിഞ്ഞയാഴ്ച പ്രാഥമിക വിലയിരുത്തല്‍ നടത്തിയ ശേഷമാണ് ഏരിയാ സെക്രട്ടറി ഫസലിനെ തല്‍സ്ഥാനത്തുനിന്നു നീക്കിയത്. ഏരിയാ കമ്മിറ്റിയുടെ ചുമതയലുണ്ടായിരുന്ന ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഡി. ബൈജുവിനെയും മാറ്റി.
ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി. ഹര്‍ഷകുമാറിനാണ് നിലവില്‍ പന്തളം ഏരിയാ കമ്മിറ്റിയുടെ ചുമതല. പാലക്കാടിനൊപ്പം ബിജെപിക്കു ഭരണം ലഭിച്ച നഗരസഭയാണ് പന്തളം. അതുകൊണ്ടുതന്നെ പന്തളത്തെ പരാജയം സിപിഎം സംസ്ഥാന കമ്മിറ്റിയും ഗൗരവത്തിലെടുത്താണ് റിപ്പോര്‍ട്ടിംഗ് നടത്തിയിട്ടുള്ളത്.
പന്തളം ഏരിയായില്‍പെട്ട കുരമ്പാല, കുളനട, മുടിയൂര്‍ക്കോണം, പന്തളം ലോക്കല്‍ സെക്രട്ടറിമാര്‍ക്കെതിരെയും നടപടിക്ക് ശിപാര്ശയുള്ളതായി പറയുന്നു. ഏരിയാ കമ്മിറ്റി യോഗത്തിലെ ശിപാര്‍ശകള്‍ ജില്ലാ, സംസ്ഥാന കമ്മിറ്റികളുടെ അംഗീകാരത്തിനുശേഷമേ പുറത്തുവിടുകയുള്ളൂ.
സ്ഥാനാർഥി നിർണയത്തിലെ വീഴ്ച
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവും ഇടതു മുന്നണിയെ ഒറ്റക്കെട്ടയി കൊണ്ടു പോകുന്നതിലെ വീഴ്ചയും പരാജയത്തിനു പ്രധാന കാരണമായി വിലയിരുത്തപ്പെട്ടു.
ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ച വാര്‍ഡുകളിലെ ബ്രാഞ്ച് സെക്രട്ടറിമാരെയടക്കം നീക്കണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നിട്ടുള്ളത്. ഏരിയാ കമ്മിറ്റിയിലുയര്ന്നുവന്ന വിഭാഗീയത, സാമുദായിക വേര്‍തിരിവ് ഇവയും പരാജയത്തിലേക്ക് നയിച്ചതായാണ് വിലയിരുത്തല്‍.
എല്‍ഡിഎഫ് ഭരണത്തിലായിരുന്ന പന്തളം നഗരസഭയില്‍ ഇത്തവണ ഒമ്പത് സീറ്റുകള്‍ മാത്രമേ എല്‍ഡിഎഫിന് ലഭിച്ചിട്ടുള്ളൂ. 18 സീറ്റു നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.
ഏരിയാ കമ്മിറ്റിയുടെ പരിധിയിലെ കുളനടയില്‍ രണ്ടാംതവണയും ബിജെപി അധികാരത്തിലെത്തിയതും ചര്‍ച്ച ചെയ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തിലും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലും മാത്രമാണ് എല്‍ഡിഎഫിനു ഭരണം നിലനിര്‍ത്താനായത്. തുമ്പമണ്‍ വീണ്ടും യുഡിഎഫ് ഭരണത്തിലുമായി.
സാമുദായിക ധ്രുവീകരണം മുന്‍കൂട്ടി കണ്ടില്ല
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സമുദായ ധ്രൂവീകരണം മുന്‍കൂട്ടി കാണുന്നതില്‍ സിപിഎം ഏരിയാ നേതൃത്വം പരാജയപെട്ടത്തായി സംസ്ഥാന കമ്മറ്റി വിലയിരുത്തി.
ശബരിമല പ്രക്ഷോഭത്തിന്റെ മൂലകേന്ദ്രമായ പന്തളത്ത് വലിയതോതില്‍ സാമുദായിക ധ്രൂവീകരണം ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍. ലോക്സഭ തെരഞ്ഞെടുപ്പു ഫലത്തില്‍ തന്നെ ഇതു പ്രകടമായിരുന്നു.
ചെയര്മാന് സ്ഥാനാര്‍ഥികളായി രണ്ടുപേരെ പ്രഖ്യപിച്ചതും തിരിച്ചടിയായി. ആര്. ജ്യോതികുമാറിനെയും കെ.പി. ചന്ദ്രശേഖരക്കുറുപ്പിനെയുമാണ് സ്ഥാനാര്ഥികളാക്കിയിരുന്നത് രണ്ടു പേരും പരാജയപ്പെട്ടു.
ഘടകകകഷികളെയും അവഗണിച്ചു
കേരള കോണ്‍ഗ്രസ് -എമ്മിന് സീറ്റ് കൊടുക്കാത്തത് വലിയ തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാം വാര്‍ഡില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച ബെന്നി മാത്യുവിനു മുമ്പ്് കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി ബന്ധമുണ്ടായിരുന്നു.
മാണി വിഭാഗം സീറ്റ് ആവശ്യപ്പെട്ടിരിന്നത് നിരാകരിച്ചതിനു പിന്നില്‍ ഏരിയാ സെക്രട്ടറിക്കും ജില്ലാ സെക്രട്ടേറിയറ്റംഗത്തിനും പങ്കുണ്ട്. ജോസ് കെ.മാണി ഈ വിഷയം ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയേറ്റ് മെംബര്‍ കെ.ജെ.തോമസമായി സംസാരിച്ചിരുന്നു.
വിഷയം പരിഹരിക്കണമെന്ന് കെ.ജെ. തോമസ് ജില്ലാ കമ്മറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു വെങ്കിലും പിന്നീട് കേരള കോണ്‍ഗ്രസ് എമ്മിനെ ചര്‍ച്ചയ്ക്ക് പോലും ക്ഷണിച്ചില്ല.
ന്യൂനപക്ഷവിഭാഗത്തില്‍ നിന്നും ബിജെപിയിലേക്ക് വോട്ട് ഒഴുകിയതും സിപിഎം നേതാക്കളുടെ നിലപാട് മൂലമാണെന്നാണ് വിലയിരുത്തല്‍. ബെന്നി മാത്യു, അച്ചന്‍കുഞ്ഞ് കുരമ്പാല എന്നിവര്‍ ബിജെപി സ്ഥാനാര്‍ഥികളായി വിജയിച്ചെത്തിയിട്ടുണ്ട്.
വിഭാഗീയത വിനയായി
ഏഴ് സീറ്റില്‍ മത്സരിച്ച സിപിഐയ്ക്ക് നഗരസഭയില്‍ ഒരു സീറ്റില്‍ മാത്രമേ വിജയിക്കാനായുള്ളൂ. സിപിഎമ്മിലെ വിഭാഗീയതയില്‍ വോട്ടുചോര്‍ച്ചയുണ്ടായതായി സിപിഐയും പരാതി നല്‍കിയിട്ടുണ്ട്.
സിപിഐ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ പ്രതിനിധീകരിക്കുന്ന അടൂര്‍ അസംബ്ലി മണ്ഡലത്തിന്റെ ഭാഗമാണ് പന്തളം. പന്തളത്തെ വികസനപ്രശ്നങ്ങളില് എംഎല്‍എുടെ ശ്രദ്ധയും നേതൃത്വവും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം സിപിഎമ്മിനുണ്ട്.
സിപിഐയുടെ ആരോപണത്തെ ചെറുക്കാന്‍ മറുവിഭാഗം ഇതാണ് ആയുധമാക്കുന്നത്. നഗരസഭ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനുവേണ്ടി എംഎല്‍എയുടെ ഇടപെടലുണ്ടായില്ലെന്ന ആക്ഷേപവും സിപിഎം കമ്മിറ്റിയിലുണ്ടായി.
ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മൂന്നാംവാര്‍ഡില്‍ വിമത സ്ഥാനാര്‍ഥി എത്തിയതിനു പിന്നില്‍ ലോക്കല്‍ സെക്രട്ടറിയുടെ പങ്കും ആരോപണവിധേയമായി. പല വാര്‍ഡുകളിലും ലോക്കല്‍ സെക്രട്ടറിമാര്‍ സ്വീകരിച്ച നിലപാടുകള്‍ പാര്ട്ടിവിരുദ്ധമെന്ന വിലയിരുത്തലും ഉണ്ടായി.