ചേർത്തല: തണ്ണീർമുക്കം ബണ്ടിന്റെ മണൽചിറ പൊളിക്കുന്പോൾ ലഭിക്കുന്ന മണ്ണിന് 12,500 കോടിയോളം രൂപ വിലമതിക്കുമെന്നും ഇത് പഞ്ചായത്തിന് വിട്ടുനൽകണമെന്നും തണ്ണീർമുക്കം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷിയോഗം ആവശ്യപ്പെട്ടു. മണലിന്റെ അവകാശത്തിനായി ജനകീയമായും നിയമപരമായും നടപടി സ്വീകരിക്കാനും സർവകക്ഷിയോഗം പഞ്ചായത്തിനെ ചുമതലപ്പെടുത്തി.
കഴിഞ്ഞദിവസം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. ഷാജി, കെ.കെ. ചെല്ലപ്പൻ, പത്മാവതി അമ്മ, കെ.ജെ. സെബാസ്റ്റ്യൻ എന്നിവരാണ് വിഷയം അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജ്യോതിസ് അധ്യക്ഷത വഹിച്ചു.
സിപിഎമ്മിലെ എ.കെ. പ്രസന്നൻ, കോണ്‍ഗ്രസിലെ ആർ. ശശിധരൻ, എം.സി. ടോമി, സിപിഐയുടെ എസ്. പ്രകാശൻ, ശ്രീകുമാർ, ജനതാദളിലെ തണ്ണീർമുക്കം ഷാജി, ബിജെപിയുടെ സാനു സുധീന്ദ്രൻ, ഗോപാലകൃഷ്ണൻ, കേരള കോണ്‍ഗ്രസ്എമ്മിലെ ജോസ് കൊണ്ടോടിക്കരി, കോണ്‍ഗ്രസ്എസ് രാജീവ്, തണ്ണീർമുക്കം വികസനസമിതിക്കു വേണ്ടി ശിവശങ്കരൻ തുടങ്ങിയവരാണ് പങ്കെടുത്തത്.
ഇറിഗേഷൻ ഉദ്യോഗസ്ഥരും പങ്കെടുത്തു. മണൽചിറ പൊളിക്കുന്പോൾ ഒരുലക്ഷം ക്യുബിക് മീറ്റർ മണൽ ലഭിക്കുമെന്ന് ഇറിഗേഷൻ അധികൃതർ പറഞ്ഞു. കരാറുകാരന് ഒരു ക്യുബിക് മീറ്ററിന് 65 രൂപ ക്രമത്തിലാണ് വില നിശ്ചയിച്ചിരിക്കുന്നതെന്നും അറിയിച്ചു. എന്നാൽ 50 ക്യുബിക് മീറ്റർ മണൽ എന്നാൽ പത്തു ലോറി ലോഡാണെന്നും ഇതിന് രണ്ടരലക്ഷത്തോളം രൂപ വിലയുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ജ്യോതിസ് പറഞ്ഞു.
ബണ്ട് നിർമിച്ച സമയത്ത് ഇവിടെ തേക്കിൻതടികൾ ഉപയോഗിച്ച് തടയിണകൾ സ്ഥാപിച്ചിരുന്നു. ഇതിനും കോടികൾ വിലമതിക്കും. അത്തരത്തിൽ മൊത്തം 12,500 കോടി രൂപ വിലമതിക്കുമെന്നും പറഞ്ഞു. ബണ്ട് നിർമിക്കുന്പോൾ 1956-ൽ ഉണ്ടാക്കിയ കരാർ പ്രകാരം കരകളിൽ കല്ലുകെട്ടി സംരക്ഷിക്കുമെന്ന ധാരണപോലും പാലിച്ചില്ലെന്ന വിമർശനവും ഉയർന്നു.
നദീതട സംരക്ഷണ നിയമപ്രകാരം കായലിന്റെ മണലിന്റെ അവകാശം പഞ്ചായത്തിനാണെന്നിരിക്കെ ഇറിഗേഷൻ വകുപ്പും കരാറുകാരനുമായി ധാരണയുണ്ടാക്കുവാൻ നിയമസാധുത ഇല്ലെന്നും പറഞ്ഞു. മണ്ണെടുക്കരുതെന്ന് കാട്ടി പഞ്ചായത്ത് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.