രജനികാന്ത്-ശങ്കർ കൂട്ടുകെട്ടിൽ നാളെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം “2.0′ തടയണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ കന്പനികൾ രംഗത്ത്. ചിത്രത്തിൽ ഫോണ് ഉപയോഗം മോശമായി കാണിക്കുന്നുവെന്നാണ് പരാതി. സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ്ഇന്ത്യയാണ്(സിഒഎഐ) പരാതിയുമായി എത്തിയിരിക്കുന്നത്.
മൊബൈൽ ഫോണ്, മൊബൈൽ ടവറുകൾ, മൊബൈൽ സർവീസ് എന്നിവയെ മോശമാക്കുന്ന ആന്റി സയന്റിഫിക്ക് പ്രമേയമാണ് ചിത്രത്തിന്റേതെന്ന് ഇവർ ആരോപിക്കുന്നു. ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രൊമോഷണൽ വീഡിയോകളും ഉടനടി നിരോധിക്കണമെന്നും പരാതിയിൽ പറയുന്നു.
തങ്ങളുടെ പരാതിയിൽ വാദം കേൾക്കുന്നത് വരെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സംഘടന സെൻസർ ബോർഡിനും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും പരാതി നൽകിയിട്ടുണ്ട്.
ചിത്രത്തിലെ, അക്ഷയ് കുമാർ അവതരിപ്പിക്കുന്ന, വില്ലൻ കഥാപാത്രം മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരെ ആക്രമിക്കുന്നുണ്ട്. മൊബൈൽ ഫോണ് ഉപയോഗിക്കുന്ന എല്ലാവരും കൊലയാളികളാണെന്നും പറയുന്നുണ്ട്. മൊബൈൽ ഫോണ് റേഡിയേഷനിലൂടെ മ്യൂട്ടേഷൻ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടർന്ന് അവർ ആക്രമണകാരികളായി തീരുകയും ചെയ്യുന്നതാണ് സിനിമയെന്നും പറയുന്നു.
543 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് വർക്കുകൾ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ലോകമൊട്ടാകെ 10,000 സ്ക്രീനുകളിൽ ചിത്രം നാളെ റിലീസിനെത്തുകയാണ്. കേരളത്തിൽ മുളകുപാടം റിലീസാണ് ചിത്രം എത്തിക്കുന്നത്.