ന്യൂഡൽഹി: ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീറിനെതിരേ ആം ആദ്മി പാർട്ടി സ്ഥാനാർഥി കോടതിയിൽ. ഈസ്റ്റ് ഡൽഹിൽ മത്സരിക്കുന്ന ഗൗതം ഗംഭീറിനു രണ്ടു വോട്ടർ ഐഡി കാർഡുകളുണ്ടെന്നു കാട്ടി എഎപി സ്ഥാനാർഥി അതിഷി മർലിന കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്തു.
ഗംഭീറിന്റെ രണ്ടു വോട്ടർ ഐഡികളുടെയും തെളിവുകളും ഇവർ ട്വിറ്ററിൽ പുറത്തുവിട്ടു. രണ്ടു മണ്ഡലങ്ങളിലായിട്ടാണു ഗംഭീറിനു തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകളുള്ളത്. ഡൽഹി കരോൾ ബാഗിലെയും രാജേന്ദർ നഗറിലെയും വിലാസങ്ങളിലാണ് ഈ തിരിച്ചറിയൽ കാർഡുകളെന്ന് അതിഷി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരുമണ്ഡലങ്ങളിലും സെൻട്രൽ ഡൽഹി ലോക്സഭാ മണ്ഡലത്തിനു കീഴിലാണു വരിക.
കരോൾ ബാഗിലെ വോട്ടറാണു താനെന്ന കാര്യം ഗംഭീർ നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ മറച്ചുവച്ചെന്നും ഇത് ഒരു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണെന്നും അവർ പറഞ്ഞു. ഉടൻ അയോഗ്യനാക്കപ്പെടാൻ പോകുന്ന ഒരാൾക്കു വോട്ട് നൽകി വോട്ട് പാഴാക്കരുതെന്നും അവർ ട്വിറ്ററിൽ അഭ്യർഥിച്ചു.
കഴിഞ്ഞ മാസമാണു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഗംഭീർ ബിജെപിയിൽ ചേരുന്നത്. ഇതിനു പിന്നാലെ ഡൽഹി ഈസ്റ്റ് മണ്ഡലത്തിൽ ഗംഭീറിനെ ബിജെപി സ്ഥാനാർഥിയാക്കി. ആരോപണങ്ങളോടു ഗംഭീർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തേ ഗംഭീറിന്റെ സ്ഥാനാർഥിത്വം തള്ളണമെന്ന് ആംആദ്മി പാർട്ടിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറായിരുന്നില്ല.