ബംഗളൂരു: ഇ-ബേ ഇന്ത്യയുടെ പ്രവർത്തനം അവസാനിപ്പിച്ച് ഇന്ത്യൻ ഇ-കൊമേഴ്സ് ഭീമൻ ഫ്ലിപ്കാർട്ട് പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചു. സെക്കൻഡ് ഹാൻഡ് ഉത്പന്നങ്ങൾക്കായി 2ഗുഡ് (2GUD) എന്ന പേരിലാണ് പുതിയ പ്ലാറ്റ്ഫോം ഇന്നലെ അവതരിപ്പിച്ചത്.
ഉപയോഗിച്ച ഉത്പന്നങ്ങളുടെ വില്പനയ്ക്കായി ഇതാദ്യമായാണ് ഫ്ലിപ്കാർട്ട് പദ്ധതി തുടങ്ങുന്നത്. 5-6 വർഷത്തിനുള്ളിൽ 1.4 ലക്ഷം കോടി രൂപയുടെ വില്പനയാണ് പുതിയ പ്ലാറ്റ്ഫോമിലൂടെ കമ്പനിയുടെ ലക്ഷ്യം.
ഇന്നലെ പ്രവർത്തനമാരംഭിച്ച 2ഗുഡിൽ നിലവിൽ സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളാണ് വില്പനയ്ക്കുള്ളത്. വൈകാതെ ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾകൂടി ഉൾപ്പെടുത്തും.
പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തിയശേഷം വാറണ്ടിയോടെയാണ് ഉത്പന്നങ്ങൾ വിൽക്കുന്നതെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു. മൂന്നു മുതൽ 12 വരെ മാസമാണ് വാറണ്ടി കാലാവധി.
നിലവിൽ മൊബൈൽ വെബ് വഴി മാത്രമേ 2ഗുഡ് പ്ലാറ്റ്ഫോമിൽ പ്രവേശിക്കാൻ കഴിയൂ. ഡെസ്ക്ടോപ് വേർഷൻ ഉടൻതന്നെ പുറത്തിറക്കും. ഇ-ബേ ഇന്ത്യയുടെ ഒൗദ്യോഗിക പ്രവർത്തനം ഈ മാസം 14ന് അവസാനിച്ചിരുന്നു.