ന്യൂഡൽഹി: ഇരുപതു രൂപയുടെ നാണയം ഇന്നലെ പുറത്തിറക്കി. പത്തു രൂപ നാണയം പുറത്തിറക്കി പത്തു വർഷം പൂർത്തിയാക്കിയപ്പോഴാണിത്. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപയുടെ നാണയങ്ങളും പുതിയ രൂപത്തിൽ തയാറായിട്ടുണ്ട്. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 20 രൂപ നാണയത്തിന്റെ മാതൃക പുറത്തിറക്കി.
കാഴ്ചയില്ലാത്തവർക്കും പെട്ടെന്നു മനസിലാക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ നാണയത്തിന്റെ രൂപകല്പന. പത്തു രൂപ നാണയം പോലെ രണ്ടു ലോഹങ്ങളുടെ നിറത്തിലാണ് 20 രൂപ നാണയവും. 20 രൂപ നാണയത്തിന് 12 വശങ്ങളും 8.54 ഗ്രാം ഭാരവും 27 മില്ലിമീറ്റർ വ്യാസവും ഉണ്ടാവും. ചെന്പ്, സിങ്ക്, നിക്കൽ എന്നിവയുടെ സംയുക്തമായിരിക്കും.
അശോക സ്തംഭത്തിലെ സിംഹത്തലയാണു നാണയത്തിന്റെ മുഖവശം. സത്യമേവ ജയതേ, ഭാരത്, ഇന്ത്യ എന്നിവ ആലേഖനം ചെയ്തിരിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആണ് നാണയം രൂപകൽപന ചെയ്തത്. രാജ്യത്തിന്റെ കാർഷിക പൈതൃകം പ്രകടമാക്കുന്ന ധാന്യങ്ങളുടെ രൂപരേഖയും നാണയത്തിന്റെ ഒരുവശത്ത് ഉൾപ്പെടുത്തി.