ചെന്നൈയിലെ ബാങ്കില്‍ പട്ടാപ്പകല്‍ വന്‍ മോഷണം. ചെന്നൈ അരുംമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബന്ദികളാക്കി 20 കോടിയോളം വിലമതിക്കുന്ന പണവും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.
ശനിയാഴ്ച്ച രാവിലെയാണ് മൂന്നംഗ സംഘം ബാങ്കിനുളളില്‍ കയറി ആയുധങ്ങള്‍ ഉപയോഗിച്ച് പരിഭ്രാന്തി സൃഷ്ടിച്ചത്.
തുടര്‍ന്ന് ബാങ്ക് മാനേജര്‍ ഉള്‍പ്പെടെയുളളവരെ ശുചിമുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ലോക്കറിന്റെ താക്കോല്‍ കൈവശമാക്കി കവര്‍ച്ച നടത്തിയത്.
കൊള്ളയ്ക്കു മുന്‍പു ബാങ്കിലെ സുരക്ഷാ ജീവനക്കാരനു സംഘം ശീതളപാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്കി മയക്കി കിടത്തിയതിനു ശേഷമാണ് കവര്‍ച്ച നടത്തിയത്.
മോഷണ ശേഷം മോഷ്ടാക്കള്‍ ഇരുചക്രവാഹനത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബാങ്കിനു സമീപമുളള ആളുകളാണ് വിവരം പോലീസില്‍ അറിയിച്ചത്.
ബാങ്കിലെ ജീവനക്കാരന് മുരുകന്റെ നേതൃത്വത്തിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
അണ്ണാനഗര്‍ ഡെപ്യൂട്ടി കമ്മിഷണറും മറ്റു പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ ബാങ്കില്‍ നിന്ന് വിരലടയാളം ശേഖരിച്ചു.
പ്രതികളെ പിടികൂടാന്‍ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായി പോലീസ് പറഞ്ഞു.