കിഴക്കമ്പലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലും സമീപ താലൂക്കുകളിലും സ്ഥാനാർഥികളെ നിർത്താൻ 20-ട്വന്റി ആലോചിക്കുന്നതിനിടെ കോൺഗ്രസിന്റെ ഉന്നത നേതാക്കൾ 20-ട്വന്റിയുമായി രഹസ്യ ചർച്ച നടത്തി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് വി.ഡി. സതീശൻ എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബിന്റെ കിഴക്കമ്പലത്തെ വസതിയിലെത്തിയത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. 20-ട്വന്റി കിഴക്കമ്പലം പഞ്ചായത്തിനു പുറമേ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിൽ ഭരണം പിടിക്കുകയും ചെയ്തു.
കൂടാതെ ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളിലും 20-ട്വന്റി വിജയിച്ചു കയറി. വെങ്ങോല പഞ്ചായത്തിൽ 10 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ജില്ലയിൽ 20-ട്വന്റി സജീവമാകുന്നതാണ് കോൺഗ്രസിന്റെ ഉറക്കം കെടുത്തുന്നതെന്നാണ് സൂചന.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ മത്സരിക്കുമെന്ന് 20-ട്വന്റി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിനു പുറമേ പറവൂർ, പെരുന്പാവൂർ, പിറവം, ആലുവ, കളമശേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലും മത്സരിക്കുന്നതിന് ആലോചനകൾ നടക്കുന്നുണ്ട്. ഇതിൽ വൈകാതെ തീരുമാനമുണ്ടാകും.
കോൺഗ്രസിന് മേൽക്കൈയുള്ള ജില്ലയിലെ പല മണ്ഡലങ്ങളിലും സ്ഥാഥാനാർഥികളെ നിർത്തുന്നത് ഏത് വിധേനയും തടയുന്നതിന്റെ ഭാഗമായാണ് നേതാക്കൾ 20-ട്വന്റി ചീഫ് കോ-ഓർഡിനേറ്റർ സാബു.എം.ജേക്കബിന്റെ വസതിയിലെത്തി ചർച്ച നടത്തിയതെന്നാണ് വിവരം.
എന്നാൽ സ്ഥാനാർഥികളെ നിർത്താനുള്ള തീരുമാനത്തിൽനിന്നും തങ്ങൾ പിന്നോട്ടില്ലെന്ന സൂചനയാണ് 20-ട്വന്റി നേതൃത്വത്തിൽ നിന്നും ലഭിക്കുന്നത്.