സഹോദരിയെയും പിഞ്ചുമക്കളെയും തീപ്പൊള്ളലില്‍ നിന്നു രക്ഷിച്ച ഡെറിക് എന്ന ഇരുപതുകാരനാണ് ഇപ്പോള്‍ അമേരിക്കയിലെ താരം. ഹീറോ അങ്കിള്‍ എന്നാണ് ഡെറിക് ഇപ്പോള്‍ അമേരിക്കയില്‍ അറിയപ്പെടുന്നത്. ഹാര്‍ബര്‍വ്യൂ മെഡിക്കല്‍ സെന്ററിലെ കിടക്കയില്‍ പ്ലാസ്റ്ററില്‍ പൊതിഞ്ഞ രൂപമാണ് ഡെറിക്കിന്റേത്. മങ്കിക്യാപ് ഇട്ട പോലെ തല വെളുത്ത പ്ലാസ്റ്റര്‍ കൊണ്ട് മൂടിയിരിക്കുന്നു. കണ്ണുകളും ചെവികളും മൂക്കും വായും മാത്രം പുറത്തുകാണാം. മരുന്നുകളുടെ നീറ്റലിലും ആ രക്ഷാപ്രവര്‍ത്തനത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഡെറിക്കിന്റെ മുഖത്ത് അഭിമാനവും സന്തോഷവും നിറയുന്നു.
യൗവ്വനത്തിളപ്പിലും പക്വതയുടെ ആള്‍രൂപമായി മാറിയ സാഹസിക മനുഷ്യന്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച വാഷിങ്ടന്‍ അബര്‍ഡീനിലെ വീട്ടില്‍നടന്ന അപകടത്തെയും സാഹസിക രക്ഷാപ്രവര്‍ത്തനത്തെയും കുറിച്ച് മനസ്സു തുറക്കുകയാണ് ഡെറിക്.’രാവിലെ വീടിന്റെ മുകള്‍നിലയില്‍നിന്നു കുട്ടികള്‍ തീ, തീ എന്നു പറഞ്ഞു കരയുന്നതു കേട്ടു. തീപിടിത്തമാണെന്നു മനസ്സിലായപ്പോള്‍ താഴത്തെ നിലയിലുണ്ടായിരുന്ന ഞാന്‍ പുറത്തേക്കോടി. അപ്പോഴേക്കും സഹോദരിയും കുട്ടികളുടെ അമ്മയുമായ കൈല മുകളിലെത്തിയിരുന്നു. രണ്ടാം നിലയിലെ ജനാലയിലൂടെ അവള്‍ കുഞ്ഞുങ്ങളെ പുറത്തേക്കിടാം, പിടിക്കണമെന്നു പറഞ്ഞു. ജൂനിയര്‍, റോറി എന്നീ കുട്ടികളെ നിലത്തുവീഴാതെ ഞാന്‍ കൈകളില്‍ ഏറ്റുവാങ്ങി. രക്ഷപ്പെടാനുള്ള ധൃതിക്കിടയില്‍ കൈല കാല്‍തെറ്റി താഴേക്കു വീണു.
എട്ടു വയസ്സുള്ള മെര്‍സിഡീസ് താഴേക്കു ചാടാന്‍ തയാറായി ജനാലയ്ക്കു സമീപം നില്‍പ്പുണ്ടായിരുന്നു. അമ്മയുടെയും സഹോദരങ്ങളുടെയും ചാടലും തീയും കണ്ട് മെര്‍സിഡീസ് ഭയന്നു പിന്നാക്കം മാറി. എന്റെ പേരു വിളിച്ചു കരഞ്ഞു. തീ വീടിനെ വിഴുങ്ങാന്‍ തുടങ്ങിയിരുന്നു. വീടിനകത്തേക്ക്, അതും രണ്ടാം നിലയിലേക്കു പോവുകയെന്നതു ജീവന്മരണ പോരാട്ടമാണ്. പക്ഷേ, എന്റെ സഹോദരിയുടെ പൊന്നോമനയെ അവിടെ ഉപേക്ഷിക്കാന്‍ മനസ്സ് സമ്മതിച്ചില്ല. എന്റെ ജീവന്‍ പോയാലും അവളെ രക്ഷിക്കണമെന്നു ഞാന്‍ ചിന്തിച്ചു.
വീടിനകം അഗ്‌നികുണ്ഡമായി. വീട്ടുപകരണങ്ങളെല്ലാം നിന്നു കത്തുകയാണ്. തീയല്ലാതെ ഒന്നും കാണുന്നില്ല. മുന്നോട്ട് ഒരടി വയ്ക്കാനാവുന്നില്ല. മനസ്സാന്നിധ്യം കൈവിടാതെ സര്‍വധൈര്യവും സംഭരിച്ചു രണ്ടാം നിലയിലേക്ക് ഓടിക്കയറി. ചൂടും വേവും ശരീരത്തിലേക്കു പടരുകയാണ്. മുകള്‍നിലയില്‍ കട്ടിപ്പുകയുടെ നടുക്കു പേടിച്ചലറി നില്‍ക്കുകയാണ് ആ കുഞ്ഞ്. ഏതു നിമിഷവും അവളെ തീ വിഴുങ്ങിയേക്കാം. ഞാനെന്റെ ഷര്‍ട്ട് വലിച്ചൂരി അവളുടെ മുഖം പൊതിഞ്ഞു, പുകയില്‍നിന്നു രക്ഷിക്കാന്‍. കൈകളില്‍ അവളെ കോരിയെടുത്തു. സാധ്യമായ ഏറ്റവും വേഗത്തില്‍ പടികളിറങ്ങി പുറത്തേക്കു കുതിച്ചു.
ഉമ്മറവാതില്‍ക്കല്‍ കാത്തുനിന്ന കൈല മകളെ വാരിപ്പുണര്‍ന്നു. അവളെ രക്ഷിക്കാനായി തീക്കുണ്ഡത്തെ കൂസാതെ അകത്തേക്ക് ഓടിയതില്‍ കുറ്റബോധമോ വിഷമമോ ഇല്ല. എനിക്കു പൊള്ളലേറ്റിട്ടുണ്ടെന്നതു സത്യമാണ്. അതു കാര്യമാക്കുന്നില്ല. അവള്‍ ചെറുപ്പമാണ്. ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ ആ കുഞ്ഞിനെ കാത്തിരിപ്പുണ്ട്. നല്ല മിടുക്കിക്കുട്ടിയാണവള്‍. എന്നെ രക്ഷിക്കേണ്ടതിനേക്കാള്‍ ആവശ്യം മെഴ്‌സിഡീസിനെ പുറത്തെക്കുന്നതിനു തന്നെയാണ്. ‘ഹീറോ അങ്കിള്‍’ എന്നെല്ലാമാണു ബന്ധുക്കളും സുഹുത്തുക്കളും സമൂഹമാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്. വീട്ടുകാരോടു സ്‌നേഹമുള്ള ഏതൊരാളും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ’ഡെറിക് പറഞ്ഞു.
എയര്‍ലിഫ്റ്റ് ചെയ്താണു ഡെറിക്കിനെ ആശുപത്രിയില്‍ എത്തിച്ചത്. മെഴ്‌സിഡീസും ആറു വയസ്സുളള ജൂനിയറും ഇതേ ആശുപത്രിയില്‍ ചികില്‍സയിലാണ്. വീടും വീട്ടുസാധനങ്ങളും പൂര്‍ണമായി നശിച്ചെങ്കിലും ആര്‍ക്കും ജീവഹാനി സംഭവിക്കാത്തതു വലിയ കാര്യമാണെന്നു പൊലീസും അഗ്‌നിരക്ഷാസേനയും പറഞ്ഞു. മെഴ്‌സിഡീസിന്റെ കരച്ചില്‍ സഹിക്കാനാകാതെ അമ്മയും സഹോദരങ്ങളും വീട്ടിലേക്ക് തിരിച്ചു കയറിയെങ്കില്‍ കാര്യങ്ങള്‍ സങ്കീര്‍ണമായേനെ. അങ്ങനെയൊരു ദുരന്തം സംഭവിക്കാതിരുന്നതിന്റെ ക്രെഡിറ്റ് ഡെറിക്കിനാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
വിവരമറിഞ്ഞു വീട്ടുകാര്‍ക്കു ഭക്ഷണവും വസ്ത്രവുമായി ബന്ധുക്കളും സുഹൃത്തുക്കളും സന്നദ്ധസേവകരും ആശുപത്രിയിലെത്തി. എല്ലാ സഹായവും വാഗ്ദാനം ചെയ്തു. തീപിടിത്തതിന്റെ കാരണം കണ്ടുപിടിക്കാനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘ഞാന്‍ ഹീറോ ആണെന്നു കരുതുന്നില്ല. ഇതുപോലൊരു സാഹചര്യമുണ്ടായാല്‍ വീണ്ടും ഇങ്ങനെത്തന്നെ ചെയ്യും. പ്രിയപ്പെട്ടവര്‍ക്കായി പൊള്ളലേല്‍ക്കാനോ മരിക്കാനോ എനിക്കു മടിയില്ല’ ഇങ്ങനെ പറയുന്ന ഡെറിക്കിനെ ഹീറോ അങ്കിള്‍ എന്നല്ലാതെ എന്തു വിളിക്കണം.