ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ യഥേഷ്ടം നിരത്തിലിറക്കുന്നതിന് നിയന്ത്രണമുണ്ട്.
പക്ഷേ പലരും നിയമം തെറ്റിച്ച് വാഹനങ്ങളില്‍ പുറത്ത് കറങ്ങാനിറങ്ങുന്നുണ്ട്. പഞ്ചാബിലെ ജലന്ധറില്‍ കാര്‍ തടയാന്‍ ശ്രമിച്ച പൊലീസുകാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ജലന്ധറിലെ മില്‍ക്ക് ബാര്‍ ചൗക്കിലെ ചെക്ക്‌പോസ്റ്റില്‍ ഇന്നു രാവിലെയാണ് സംഭവം. 20 കാരന്‍ ഓടിച്ചിരുന്ന കാര്‍ ചെക്‌പോസ്റ്റില്‍ നിര്‍ത്താതെ പോവുകയായിരുന്നു.
പൊലീസുകാര്‍ കൈ കാണിച്ചെങ്കിലും നിര്‍ത്താതെ ബാരിക്കേഡും തകര്‍ത്ത് മുന്നോട്ട് എടുക്കുകയായിരുന്നു.
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മുല്‍ഖ് രാജിനു നേര്‍ക്ക് കാര്‍ പാഞ്ഞടുത്തു. ഈ സമയം പ്രാണരക്ഷാര്‍ഥം അദ്ദേഹം കാറിന്റെ ബോണറ്റില്‍ പിടിച്ചു തൂങ്ങി.
പൊലീസുകാരനെയും കൊണ്ട് ഏതാനും മിനിറ്റുകള്‍ മുന്നോട്ടു പോയശേഷമാണ് കാര്‍ നിര്‍ത്തിയത്.
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓടുന്ന കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടക്കുന്നതിന്റെ 90 സെക്കന്‍ഡ് ദൈര്‍ഘ്യമുളള വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.
ചിലര്‍ കാറിനെ പിന്തുടര്‍ന്ന് തടയുന്നതും വീഡിയോയില്‍ കാണാം. കാറോടിച്ച 20കാരനെതിരേ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്.