ജൊഹാനസ്ബർഗ്: വനിതാ ഏകദിന ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം ജുലൻ ഗോസ്വാമി. ഏകദിനത്തിൽ 200 വിക്കറ്റ് നേടുന്ന ആദ്യ വനിതാ താരമെന്ന റിക്കാർഡ് ജുലൻ സ്വന്തം പേരിലെഴുതി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് ജുലൻ റിക്കാർഡ് നേട്ടത്തിലേക്ക് എത്തിയത്. ലോറ വോൾവാർട്ടായിരുന്നു ജുലന്റെ 200-ാം ഇര. കഴിഞ്ഞ വർഷം മേയിൽ വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമെന്ന നേട്ടം ജുലൻ സ്വന്തമാക്കിയിരുന്നു. മുപ്പത്തഞ്ചുകാരിയായ ജുലൻ ഐസിസി വനിതാ ബൗളർമാരുടെ പട്ടികയിൽ നിലവിൽ രണ്ടാമതാണ്.
ബാറ്റ്സ്മാൻമാരിലും ഇന്ത്യൻ ആധിപത്യമാണ് നിലനിൽക്കുന്നത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്വേട്ടക്കാരി ഇന്ത്യയുടെ മിതാലി രാജാണ്.