ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ 200 ജയം നേടുന്ന ആറാമത് പരിശീലകൻ എന്ന നേട്ടത്തിൽ ലിവർപൂൾ എഫ്സി മാനേജർ യുർഗൻ ക്ലോപ്പ്. പ്രീമിയർ ലീഗിൽ ചെൽസിക്ക് എതിരായ ഹോം മത്സരത്തിൽ 4-1ന്റെ ആധികാരിക ജയം നേടിയതോടെയാണ് ക്ലോപ്പ് ഈ നേട്ടത്തിലെത്തിയത്.
ഡീഗോ ജോട്ട (23’), കോനോർ ബ്രാഡ്ലി (39’), ഡൊമിനിക് ബോബോസ്ലൈ (65’), ലൂയിസ് ഡിയസ് (79’) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. അതേസമയം, മത്സരത്തിൽ ലിവർപൂൾ സ്ട്രൈക്കർ ഡാർവിൻ നൂനെസിന്റെ പെനാൽറ്റി അടക്കം നാല് ഷോട്ട് പോസ്റ്റിൽ ഇടിച്ച് തെറിച്ചു.
പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഒരു കളിക്കാരന്റെ നാല് ഷോട്ട് പോസ്റ്റിൽ ഇടിച്ച് തെറിക്കുന്നത് ആദ്യമായാണ്.മാഞ്ചസ്റ്റർ സിറ്റി 3-1ന് ബേണ്‍ലിയെ കീഴടക്കി. ജൂലിയൻ ആൽവരസ് സിറ്റിക്കായി ഇരട്ട ഗോൾ നേടി. ടോട്ടൻഹാം ഹോട്ട്സ്പുർ 3-2ന് ബ്രെന്റ്ഫോഡിനെ മറികടന്നു.
22 മത്സരങ്ങളിൽനിന്ന് 51 പോയിന്റുമായി ലിവർപൂളാണ് ലീഗിന്റെ തലപ്പത്ത്. മാഞ്ചസ്റ്റർ സിറ്റി (46), ആഴ്സണൽ (46), ടോട്ടൻഹാം (43) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.